ആബിദ് അടിവാരം
ഷോപ്പിങ് മാളുകള്‍ക്ക് പാര്‍ക്കിങ് ഫീസ് ഈടാക്കാനാവില്ലെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറയുന്നു. പാര്‍ക്കിങ് ഫീ വാങ്ങിയില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്നു മന്ത്രി ആലോചിച്ചിട്ടുണ്ടോ? ആവശ്യത്തിന് പാര്‍ക്കിങ് സൗകര്യങ്ങളില്ലാത്ത നഗരങ്ങളില്‍ എത്തുന്ന മനുഷ്യര്‍ വണ്ടി ഷോപ്പിങ് മാളിലെ പാര്‍ക്കിങ് ഏരിയയില്‍ കയറ്റിയിട്ട് വേറെ പണിക്ക് പോകും. മാളിലേക്ക് വരുന്ന യഥാര്‍ത്ഥ കസ്റ്റമേഴ്‌സിന് പാര്‍ക്കിങ് കിട്ടില്ല, മാള്‍ നടത്തുന്നവരുടെ കച്ചവടം പൂട്ടും.
ലോകത്ത് എല്ലായിടത്തും നഗരങ്ങളിലെ ഷോപ്പിങ് മാളുകളില്‍ പാര്‍ക്കിങ് ഫീസുണ്ട്. ദുരുപയോഗം തടയാന്‍ വേണ്ടിയാണത് വാങ്ങുന്നത്. ചിലയിടങ്ങളില്‍ നിശ്ചിത സംഖ്യയുട പര്‍ച്ചേസ് ബില്ല് കാണിച്ചാല്‍ പാര്‍ക്കിങ് ഫീസ് ഒഴിവാക്കി കൊടുക്കും.
മാളുകളെന്നാല്‍ വെറും പര്‍ച്ചേസ് ഇടങ്ങളല്ല, സുഹൃത്തുക്കളെ കണ്ടുമുട്ടാനും സല്ലപിക്കാനും വെറുതേ ഒന്ന് കറങ്ങാനുമൊക്കെ പോകുന്ന ഇടങ്ങളാണ്. ആ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നവര്‍ പാര്‍ക്കിങ് ഫീസ് എങ്കിലും കൊടുക്കേണ്ടത് സാമാന്യ മര്യാദയാണ്.
വെറുതെ ഒരു പാര്‍ക്കിങ് ഏരിയ നിര്‍മിച്ചു വെക്കുക മാത്രമല്ല അതില്‍ സെക്യൂരിറ്റിയെ നിര്‍ത്തുകയും കൃത്യമായി മെയിന്റയിന്‍ ചെയ്യുകയും കൂടി ചെയ്യുന്നുണ്ട്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഒരുത്തന്‍ 19 കാറുകള്‍ തല്ലിപ്പൊളിച്ചത് ഈയിടെയാണ്. കാശുവാങ്ങി നടത്തുന്ന പാര്‍ക്കിങ് ആണത്. തലസ്ഥാന നഗരിയില്‍ 19 കാര്‍ തകര്‍ത്തിട്ടും നടത്തിപ്പുകാരോ പോലിസോ വിവരം അറിഞ്ഞിട്ടില്ല. അടുത്ത ദിവസം സി സി ടി വി നോക്കിയാണ് പ്രതിയെ പിടിച്ചത്. അവിടെയാണ് പാര്‍ക്കിങ് സൗജന്യമാക്കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം.
താമരശ്ശേരി ഗവ. ഹോസ്പിറ്റല്‍ കോംപൗണ്ടില്‍ പാര്‍ക്കിങ് ഫീസുണ്ട്.ഷോപ്പിങ്ങിനു പോകുന്നവര്‍ പാര്‍ക്കിങ് ഫീസ് കൊടുക്കേണ്ട എന്ന് തീരുമാനിക്കുന്ന മന്ത്രിക്ക് രോഗികള്‍ ചികില്‍സക്ക് പോകുന്ന സര്‍ക്കാര്‍ ആശുപത്രിയില്‍ പാര്‍ക്കിങ് ഫീസ് വേണ്ട എന്നു പറയാന്‍ കഴിയുമോ? എവിടെയെങ്കിലും അമിത ചാര്‍ജ്ജ് ഈടാക്കുന്നു എന്ന പരാതിയുണ്ടെങ്കില്‍ അതില്‍ ഇടപെടാം എന്നല്ലാതെ ഷോപ്പിങ് മാളുകള്‍ പാര്‍ക്കിങ് ചാര്‍ജ്ജ് വാങ്ങരുതെന്ന് പറയുന്നത് നീതീകരിക്കാനാവില്ല.