കോഴിക്കോട്: തകര്‍ച്ച നേരിടുന്ന ടാഗോര്‍ഹാള്‍ പൊളിച്ചുമാറ്റി പുതുക്കി പണിയാന്‍ കോര്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ഏറെക്കാലമായി കെട്ടിടത്തിന്റെ ദുരവസ്ഥ ചര്‍ച്ചയാണ്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം പരിപാടിക്ക് എത്തിയവര്‍ക്ക് ഷോക്കേറ്റ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കെട്ടിടത്തിന്റെ ഉറപ്പില്ലായ്മ കണക്കിലെടുത്ത് കഴിഞ്ഞമാസം ഗോവ ഗവര്‍ണര്‍ ഇവിടെ നിശ്ചയിച്ച ചടങ്ങില്‍ പങ്കെടുക്കാതെ മടങ്ങി. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. കെട്ടിടം പുതുക്കി പണിയാന്‍ കോടികള്‍ വേണം. ഇതെങ്ങനെ സ്വരൂപിക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. വായ്പയെടുക്കാനുള്ള സാധ്യത പരിശോധിക്കും. പല കാലങ്ങളിലായി കെട്ടിടത്തിന്റെ ചോര്‍ച്ച തടയാനും ഇരിപ്പിടങ്ങള്‍ മാറ്റി സ്ഥാപിക്കാനും മറ്റും ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടുണ്ട്.
എന്നിട്ടും ഫലം ഉണ്ടായിട്ടില്ല. ജനറേറ്റര്‍ തകരാറും പ്രശ്നമായിരുന്നു. ഈ സാഹചര്യത്തിലാണ് കെട്ടിടം പൊളിച്ചുമാറ്റാന്‍ തീരുമാനമായത്. ബുക്ക് ചെയ്തവര്‍ക്ക് തുക തിരിച്ചുനല്‍കും. എങ്ങനെയും ഹാളില്‍ പരിപാടി നടത്തണമെന്നുള്ളവര്‍ക്ക് സ്വന്തം ഉത്തരവാദിത്വത്തില്‍ ജനറേറ്റര്‍ ഉപയോഗിച്ച് നടത്താവുന്നതാണ്.
സ്വകാര്യപങ്കാളിത്തത്തോടെ എല്‍.ഐ.സി കോര്‍ണറിലും സ്റ്റേഡിയം പരിസരത്തും നിര്‍മിക്കുന്ന പാര്‍ക്കിങ് പ്ലാസകളില്‍ നിരക്കുകള്‍ നിശ്ചയിച്ചു. കാറിന് ഒരു മണിക്കൂറിന് 40 രൂപയും ഇരുചക്രവാഹനങ്ങള്‍ക്ക് 15 രൂപയുമാണ് നിരക്ക്. മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട് മുസ്്ലിംലീഗിലെ കെ. മൊയ്തീന്‍കോയ അവതരണാനുമതി തേടിയ അടിയന്തര പ്രമേയത്തിന് മേയര്‍ അനുമതി നല്‍കിയില്ല. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതുകൊണ്ടാണ് അനുമതി നല്‍കാതിരുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ അമിതാധികാര വാഴ്ച അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വി.കെ മോഹന്‍ദാസിന്റെ പ്രമേയം ഹൈക്കോടതിയുടെ നിര്‍ദേശമുള്ളതിനാല്‍ ഒഴിവാക്കി. പ്രമേയം അവതരിപ്പിക്കുന്നതിനെതിരെ ബി.ജെ.പി അംഗം നവ്യ ഹരിദാസ് ഹൈക്കോടതിയുടെ സ്റ്റേ വാങ്ങിയിരുന്നു. വി.കെ മോഹന്‍ദാസ് കൗണ്‍സില്‍ യോഗത്തില്‍ എത്തിയിരുന്നുമില്ല.