കോഴിക്കോട്: പ്രമാദമായ സുന്ദരിയമ്മ വധക്കേസില്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ വെറുതെവിട്ട പ്രതി ജയേഷ് (32) പോക്സോ കേസില്‍ അറസ്റ്റില്‍. സ്‌കൂള്‍ വിടുന്ന സമയത്ത് സമര്‍ത്ഥമായി സ്‌കൂളില്‍ കടന്ന് ബാത്റൂമില്‍ വെച്ച് കുട്ടിയെ പീഡിപ്പിച്ച കേസിലാണ് കല്ലായി ചക്കുംകടവ് സ്വദേശി നടുംപുരയ്ക്കല്‍ ജയേഷ് വെള്ളയില്‍ പോലീസിന്റെ പിടിയിലായത്.
വൈകുന്നേരം സ്‌കൂള്‍ വിടുന്ന സമയം നോക്കി കുട്ടികളെ കൂട്ടുന്നതിനായി വന്ന രക്ഷിതാക്കള്‍ക്കും ഓട്ടോ ഡ്രൈവര്‍മാര്‍ക്കുമൊപ്പം സമര്‍ത്ഥമായി സ്‌കൂള്‍ കോമ്പൗണ്ടില്‍ പ്രവേശിച്ച ശേഷമാണ് സ്‌കൂളിന്റെ മൂത്രപ്പുരയില്‍ വെച്ച് പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ സുന്ദരിയമ്മ കൊലക്കേസില്‍ പ്രതിയായിരുന്ന ജയേഷ് ആണ് പ്രതി എന്ന് പോലീസിന് സംശയം തോന്നുകയും മുന്‍പ് ജയേഷിനെ കുറിച്ച് ചാനലുകളില്‍ വന്ന വാര്‍ത്തകളിലെ ദൃശ്യങ്ങള്‍ ശേഖരിച്ച് സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരനെ കാണിച്ചതില്‍ ജയേഷ് തന്നെയാണ് പ്രതിയെന്ന സംശയം ബലപ്പെടുകയും ചെയ്തു.
ജയേഷിനെതിരായി വെളളയില്‍, ടൗണ്‍ പോലീസ് സ്റ്റേഷനുകളില്‍ സെപ്തംബര്‍ മാസത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ ഇയാള്‍ നഗരത്തില്‍ തന്നെ താമസമുണ്ടെന്ന് പോലീസ് മനസ്സിലാക്കുകയും ശേഷം കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ശ്രീ.എ.ശ്രീനിവാസ് ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സൗത്ത് ബീച്ച് പരിസരത്ത് വെച്ച് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് ജയേഷിനെതിരെ ടൗണ്‍ പൊലീസിലും കേസുണ്ട്.വെള്ളയില്‍ പോലീസ് ഇന്‍സ്പെക്ടര്‍ വി.ബാബുരാജിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ശ്രീ.സനീഷ്.യു ശ്രീ.ബാവ രഞ്ജിത്ത് എ.എസ്.ഐ ദീപു കുമാര്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നവീന്‍.എന്‍ സിവില്‍ പോലീസ് ഓഫീസര്‍ ജയചന്ദ്രന്‍.പി എന്നിവര്‍ ഉള്‍പ്പെട്ട ടീമാണ് പ്രതിയെ പിടികൂടിയത്.