കോഴിക്കോട്: പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോണ്‍ട്രാക്ട് പ്രകാരമുള്ള റോഡുകളുടെ പരിശോധന ജില്ലയില്‍ രണ്ടാം ദിവസവും തുടര്‍ന്നു. റണ്ണിങ് കോണ്ട്രാക്ടില് ഉള്‍പ്പെട്ട 49 റോഡുകളുടെ പരിശോധനയാണ് ജില്ലയില്‍ ഇന്ന് നടത്തിയത്. 187 കിലോമീറ്റര്‍ റോഡിന്റെ പരിശോധന പൂര്‍ത്തിയായി.
ആര്‍ബിഡിസികെ എംഡി എസ് സുഹാസിന്റെ നേതൃത്വത്തിലുള്ള സംഘം
ബേപ്പൂര്‍, കൊടുവള്ളി, കോഴിക്കോട് സൗത്ത് എന്നീ മണ്ഡലങ്ങളിലും സൂപ്രണ്ടിങ് എന്‍ജിനിയര്‍ വിശ്വപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം കുന്ദമംഗലം, തിരുവമ്പാടി മണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങളിലുമാണ് പരിശോധന നടത്തിയത്.
ബേപ്പൂര്‍, കൊടുവള്ളി, കോഴിക്കോട് സൗത്ത് എന്നീ മണ്ഡലങ്ങളിലെ റണ്ണിങ് കോണ്ട്രാക്ടില് ഉള്‍പ്പെട്ട 95 കിലോമീറ്റര്‍ റോഡാണ് രണ്ടാം ദിനത്തില്‍ പരിശോധന പൂര്‍ത്തിയാക്കിയത്. ഫറോക്ക് -മണ്ണൂര്‍ -കടലുണ്ടി റോഡ്, ചാലിയം -കടലുണ്ടി കടവ് റോഡ്, ചാലിയം- കരുവന് തുരിത്തി -ഫറോക്ക് റോഡ്, മുല്ലപ്പള്ളി- ചാലിയം റോഡ്, റെയില്‍വേ സ്റ്റേഷന് ലിങ്ക് റോഡ്, തിരുവണ്ണൂര്‍- പന്നിയങ്കര റോഡ്, തുടങ്ങി 25 റോഡുകളാണ് സംഘം പരിശോധന പൂര്‍ത്തിയാക്കിയത്.
പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഒന്നും രണ്ടും റണ്ണിങ് കോണ്‍ട്രാക്ട് അനുസരിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന മെയിന്റനന്‍സ് വര്‍ക്കുകളുടെ പരിശോധനയാണ് ജില്ലയില്‍ നടക്കുന്നത്.ജില്ലയില്‍ ഇതുവരെ റണ്ണിങ് കോണ്ട്രാക്ടില് ഉള്‍പ്പെട്ട 247 കിലോമീറ്റര്‍ റോഡുകളുടെ പരിശോധന പൂര്‍ത്തിയായിട്ടുണ്ട്.30 നകം ജില്ലയിലെ ആയിരം കിലോമീറ്ററോളം റോഡുകള്‍ പരിശോധിക്കും.