കോഴിക്കോട്: ഹര്‍ത്താലിന്റെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് കേരളം മുഴുവന്‍ അഴിഞ്ഞാടിയിട്ടും ഒരു നടപടിയുമെടുക്കാത്ത സംസ്ഥാന ആഭ്യന്തരവകുപ്പ് മത തീവ്രവാദികള്‍ക്ക് കീഴടങ്ങിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം ലഭിച്ചതിന്റെ പ്രത്യുപകാരമാണ് പിണറായി വിജയന്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനമൊട്ടാകെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. ലപ്പുഴ, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളില്‍ കലാപ സമാനമായ അന്തരീക്ഷമാണുള്ളത്. കോട്ടയത്തും വളപട്ടണത്തും മൂകാംബിക തീര്‍ത്ഥ യാത്രക്കാര്‍ വരെ അക്രമിക്കപ്പെട്ടു. പ്രകോപനമുണ്ടാക്കി വര്‍ഗീയ ലഹളയുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. തിരുവനന്തപുരം ബലരാമപുരത്ത് കടകള്‍ക്ക് നേരെ ആക്രമണം നടന്നു. ഒരു വിഭാഗം ജനങ്ങളുടെ വ്യാപാര സ്ഥാപനങ്ങള്‍ ആക്രമിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ട് ചെയ്യുന്നത്. ഹര്‍ത്താല്‍ തലേന്ന് രാത്രി മുതല്‍ തീവ്രവാദികള്‍ കേരളത്തിലെ പല തെരുവുകളിലും അഴിഞ്ഞാടുകയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ചൂണ്ടിക്കാണിച്ചു.
കെഎസ്ആര്‍ടിസി ബസുകള്‍ക്കെതിരെ വലിയ ആക്രമണമാണ് നടന്നത്. നിരവധി ബസുകളാണ് അടിച്ചു തകര്‍ത്തത്. ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ കണ്ണ് തകര്‍ത്തു. പൊലീസ് എല്ലാ സ്ഥലത്തും നിഷ്‌ക്രിയമാണ്. പിണറായി സര്‍ക്കാരിന്റെ ഭരണപരാജയവും വോട്ട്ബാങ്ക് രാഷ്ട്രീയവുമാണ് ഭീകരവാദികള്‍ക്ക് അഴിഞ്ഞാടാനുള്ള അവസരമൊരുക്കിയതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.