Wednesday, June 18, 2025

വീട്ടുജോലികള്‍ പങ്കുവെക്കുമ്പോള്‍

Must Read

സുധാകരന്‍ പി.

നിങ്ങള്‍ എന്നെങ്കിലും സ്വന്തം വസ്ത്രം അലക്കിയിട്ടുണ്ടോ?
ചില വാദപ്രതിവാദങ്ങള്‍ക്കിടയില്‍ ചില സ്ത്രീ സുഹൃത്തുക്കള്‍ ചോദിക്കാറുണ്ട്. ഉണ്ട് എന്ന് ഉത്തരം.

ഏകദേശം അഞ്ചാം ക്ലാസ് കാലം മുതല്‍ എന്റെ വസ്ത്രം ഞാന്‍ തന്നെ ആണ് അലക്കാറുള്ളത്. അത് ഞങ്ങള്‍ കുട്ടികളായിരുന്നു കാലത്ത് അമ്മ പഠിപ്പിച്ച പാഠമാണ്. ഇന്നും അത് തുടരുന്നു, യന്ത്ര സഹായത്തോടെ ആണെങ്കിലും. മിക്കപ്പോഴും അലക്കാനുള്ള എല്ലാ വസ്ത്രവും വേര്‍തിരിച്ച് യന്ത്രത്തില്‍ ഇടുന്നതും, വൃത്തിയായി കഴിഞ്ഞാല്‍ എടുത്ത് ഉണക്കാന്‍ ഇടുന്നതും ഞാന്‍ തന്നെ. എന്റെ തിരക്കിനിടയിലും സമയം കണ്ടെത്താവുന്ന കാര്യമാണത്.
നിങ്ങള്‍ എന്നെങ്കിലും പാചകം ചെയ്തിട്ടുണ്ടോ? അടുത്ത ചോദ്യം.
ധാരാളം.

25 വയസ്സില്‍ നാടുവിട്ട ശേഷം ഒരുപാടു കാലം ഒറ്റക്ക് ജീവിച്ചിട്ടുണ്ട്. അന്ന് പാചകം ജീവിതത്തിന്റെ ഭാഗമായിരുന്നു. ഞാനും ഭാര്യയും ജോലിക്കു പോയിരുന്നപ്പോള്‍ രണ്ടുപേരും ചേര്‍ന്ന് തന്നെയായിരുന്നു പാചകം. പാചക നിലവാരത്തെ കുറിച്ച് ഞങ്ങള്‍ തമ്മില്‍ പോരടിച്ചിട്ടൊക്കെ ഉണ്ടെങ്കിലും ആ വിഷയത്തില്‍ ഈഗോ ഞങ്ങളെ ബാധിച്ചിട്ടില്ല. ഇപ്പോള്‍ പാചകം വളരെ മിനിമല്‍ ആയതിനാല്‍ വലിയ സഹായമൊന്നും വേണ്ടെന്ന് ഭാര്യ. എന്നാലും അത്യാവശ്യം വേണ്ടപ്പോളൊക്കെ അടുക്കളയില്‍ സഹായിക്കും. ഇപ്പോഴും എനിക്കുള്ള ചായ ഞാന്‍ ഉണ്ടാക്കിയാലെ എനിക്ക് തൃപ്തിയാവൂ, അത് രുചിയുടെ പ്രശ്നം മാത്രമാണ്. ഞാന്‍ അറിയുന്ന നിരവധി പുരുഷ സുഹൃത്തുക്കള്‍ പാചകത്തില്‍ ജീവിത പങ്കാളിയെ സഹായിക്കുന്നവരാണ്.
നിങ്ങള്‍ നിങ്ങളുടെ വീട്ടിലെ ടോയ്‌ലറ്റ് വൃത്തിയാക്കാറുണ്ടോ?
ഉണ്ട്. മിക്കവാറും എല്ലാ ദിവസവും. നിങ്ങള്‍ ഭാര്യക്ക് എന്ത് സ്വതന്ത്രമാണ് നല്‍കിയിട്ടുള്ളത്?
അവരുടെ വിശ്വാസങ്ങള്‍ക്ക് അനുസൃതമായി ജീവിക്കാനുള്ള സ്വാതന്ത്ര്യം.
ഒന്നിച്ചുള്ള യാത്രകള്‍ക്ക് പുറമെ സ്വന്തമായി യാത്ര പോകാനുള്ള സ്വാതന്ത്ര്യം.
സൗഹൃദത്തിനുള്ള സ്വാതന്ത്ര്യം…
ഞാന്‍ മാത്രമല്ല, എനിക്ക് അറിയുന്ന ഒരുപാട് സുഹൃത്തുക്കള്‍ ഇങ്ങനെയൊക്കെത്തന്നെയാണ്, മഹാനഗരങ്ങളില്‍ തൊഴിലെടുക്കുന്നവരുടെ കാര്യത്തില്‍ പ്രത്യേകിച്ചും. അലക്കല്‍, വീട് വൃത്തിയാക്കല്‍, പാചകം ഇതൊക്കെ സ്ത്രീ മാത്രം ചെയ്യേണ്ടതാണ് എന്ന ആണഹന്ത/ആണധികാരം കേരളത്തില്‍ ശക്തമാണ് എന്ന ബോധ്യത്തോടെ തന്നെയാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് പലരും ഇതിനെ കുറിച്ച് എഴുതിയിട്ടുണ്ട്. ഞാന്‍ ആ അധികാരത്തിന്റെ ഭാഗമല്ല. ബോംബയില്‍ പാതിരാവില്‍ ഒറ്റക്ക് നടക്കാന്‍ ധൈര്യം കാണിക്കുന്ന ഭാര്യ പക്ഷെ കേരളത്തില്‍ ആ ധൈര്യം കാണിക്കാറില്ല, കാരണം സൂര്യനസ്തമിച്ചാല്‍ കേരളം സ്ത്രീക്ക് സുരക്ഷിതമല്ല എന്ന അവരുടെ വിശ്വാസം തന്നെ. അത് തിരുത്താന്‍ മാത്രം വിശ്വാസം എനിക്കിനിയും കേരളത്തില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.
വിചിത്രമായ കാര്യം, നേരത്തെ പറഞ്ഞ ആണഹന്ത/ആണധികാരം ആണ് തന്റെ ജീവിത പങ്കാളിയെ നയിക്കുന്നത് എന്ന് പറയാന്‍ പല സ്ത്രീകളും തയ്യാറല്ല എന്നതാണ്. തികഞ്ഞ വൈരുദ്ധ്യം. തന്റെ ഭര്‍ത്താവ് ദി േ്രഗറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമയിലെ ഭര്‍ത്താവിനെപ്പോലെയല്ല, എന്നാല്‍ അത്തരം ഭര്‍ത്താക്കന്മാരെ അറിയാം എന്ന് മാത്രമേ ഞാന്‍ അറിയുന്ന പലരും പറഞ്ഞിട്ടുള്ളു. മറിച്ച് പറഞ്ഞവരാകട്ടെ ഇബ്സന്റെ നോറയെപ്പോലെ പാവവീടിന്റെ വാതില്‍ കൊട്ടിയടച്ച് ഇറങ്ങിയവരാണ്. വീടിനകത്ത് നിന്നുകൊണ്ട് സ്വന്തം നിലപാട് പറയാന്‍ ആണധികാരം സ്ത്രീയെ അനുവദിക്കുന്നില്ല എന്നതാവാം ഇതിന് കാരണം.
അത് തന്നെയാണ് കേരളത്തിന്റെ പ്രശ്നം എന്ന് തോന്നുന്നു. സ്ത്രീക്ക് താനായി ജീവിക്കാനുള്ള ഇടം ഇല്ലാതാവുന്നതിന്റെ പ്രശ്നം. ചിലപ്പോഴെല്ലാം പുരുഷന്മാരും നേരിടുന്ന പ്രശ്നം അത് തന്നെയാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img