മുഖ്യമന്ത്രിക്ക് കടുത്ത ഭാഷയില്‍ ഗവര്‍ണറുടെ മറുപടി
തനിക്കെതിരേയുള്ള വധശ്രമത്തില്‍ കേസെടുക്കാത്തതിന് പിന്നില്‍ മുഖ്യമന്ത്രി
പദവിയെ അപകീര്‍ത്തിപ്പെടുത്തുന്നു
നാളെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും ഗവര്‍ണര്‍
പ്രത്യേക ലേഖകന്‍
കൊച്ചി: സകലസീമയും ലംഘിച്ച് സര്‍ക്കാര്‍ ഗവര്‍ണര്‍ പോര്. തനിക്കെതിരെ പരസ്യപ്രസ്താവന നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനും സമ്മര്‍ദ്ദത്തിലാക്കാനും സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ശ്രമിക്കുന്നതായി ഗവര്‍ണര്‍ ആരോപിച്ചു. കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസിനിടെ തനിക്കെതിരെ നടന്ന വധശ്രമത്തില്‍ എന്തുകൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നും ആഭ്യന്തര വകുപ്പ് ആരുടെ കയ്യിലാണെന്നും ഗവര്‍ണര്‍ ചോദിച്ചു. തനിക്കെതിരായ ആക്രമണത്തില്‍ കേസെടുക്കുന്നതില്‍ നിന്ന് പോലീസിനെ വിലക്കിയതാരാണ്. കണ്ണൂര്‍ വി.സി വധശ്രമത്തിന് കൂട്ടുനിന്നതിന് തന്റെ പക്കല്‍ തെളിവുണ്ട്. നിരവധി തവണ ഇതുസംബന്ധിച്ച് പരാതിയും കത്തുകളും അയച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഇതുവരെ പിന്നണിയിലായിരുന്ന മുഖ്യമന്ത്രി തനിക്കെതിരെ മറനീക്കി പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്നും ഗവര്‍ണര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സര്‍വകലാശാലകളിലെ ബന്ധുനിയമന വിവാദത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതിനു മറുപടിയായാണ് ഗവര്‍ണര്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ പരസ്യമായി ആരോപണമുന്നയിച്ചത്. നാളെ തിരുവനന്തപുരത്തെത്തിയാല് സര്‍ക്കാരിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍വകലാശാല ഭരണത്തില്‍ ഇടപെട്ടിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിക്കുന്ന കത്തും പുറത്ത് വിടുമെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. വിസിയെ സര്‍ക്കാര്‍ നിയമിക്കുന്ന കാര്യം അനുവദിക്കില്ലെന്നും ആരിഫ് മുഹമ്മദ് ഖാന് വ്യക്തമാക്കി.
അയക്കുന്ന കത്തുകള്‍ക്ക് പോലും മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പതിവായി കാര്യങ്ങള്‍ വിദശദീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അതിന് തയ്യാറാവുന്നില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാല നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നടത്തിയ പരാമര്‍ശമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. കേന്ദ്രത്തില്‍ ഉയര്‍ന്ന പദവി പ്രതീക്ഷിച്ചായിരുന്നു സംസ്ഥാന സര്‍ക്കാറിനെതിരായ ഗവര്‍ണറുടെ വിമര്‍ശനങ്ങളെന്ന് വരെ ഉന്നയിച്ചാണ് ആരിഫ് മുഹമ്മദ് ഖാനെതിരായ വിമര്‍ശനം മുഖ്യമന്ത്രി കടുപ്പിച്ചത്.