കാസര്‍കോട്: തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായപ്പോള്‍ മകളെയും സഹപാഠികളെയും മദ്രസയിലേക്ക് അയയ്ക്കാനായി തോക്കെടുത്ത് കൂട്ടുപോയതിന് കേസെടുത്തതില്‍ പ്രതികരണവുമായി പിതാവ് സമീര്‍.തെരുവുനായപ്പേടിയില്‍ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കെടുത്ത സംഭവത്തില്‍ കേസെടുത്തതില്‍ വിഷമമുണ്ട് .നായയെ കൊല്ലാന്‍ സാധിക്കാത്ത എയര്‍ഗണ്ണുമായി കുട്ടികള്‍ക്ക് കൂട്ടുപോയതുവഴി, എന്തു ലഹളയുണ്ടാക്കാനാണ് താന്‍ ശ്രമിച്ചതെന്ന് സമീര്‍ ചോദിച്ചു. മനുഷ്യന്റെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട പൊലീസ് ഈ സംഭവത്തില്‍ കേസെടുത്തത് ഒരിക്കലും അംഗീകരിക്കാനാകില്ല. വൈറലാകാനാണ് വിഡിയോ പങ്കുവച്ചതെങ്കില്‍ താന്‍ നല്ല വസ്ത്രവും റെയ്ബന്‍ ഗ്ലാസുമെല്ലാം ധരിക്കുമായിരുന്നുവെന്നും സമീര്‍ പറഞ്ഞു.
ലഹളയുണ്ടാക്കാന്‍ ഇടയാകുന്ന വിധത്തില്‍ നായ്ക്കളെ കൊല്ലാന്‍ ആഹ്വാനം ചെയ്തു, സമൂഹത്തില്‍ ലഹള ഉണ്ടാക്കുന്ന തരത്തില്‍ വീഡിയോ ചിത്രികരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു എന്നീ കുറ്റങ്ങള്‍ക്കാണ് ബേക്കല്‍ പൊലീസ് സമീറിനെതിരെ കേസെടുത്തത്.
കേസെടുത്ത സാഹചര്യത്തില്‍ നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് സമീര്‍ വ്യക്തമാക്കി. നാഷനല്‍ യൂത്ത് ലീഗിന്റെ ഉദുമ മണ്ഡലം പ്രസിഡന്റ് കൂടിയാണ് സമീര്‍.