കാസര്‍കോട്:തെരുവ്നായകളുടെ പ്രജനനം നിയന്ത്രിക്കാനായി വന്ധ്യംകരണത്തിനുള്ള പ്രത്യേക കര്‍മ്മപദ്ധതി ജില്ലയില്‍ തയ്യാറാക്കുന്നു. 2016 ഒക്ടോബര്‍ മുതല്‍ 2022 മെയ് മാസം വരെ ജില്ലയില്‍ നടത്തിയ എ.ബി.സി(ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) പദ്ധതിയുടെ തുടര്‍ച്ചയായാണ് വന്ധ്യംകരണ പരിപാടി നടത്തുക.
നിലവില്‍ ജില്ലയിലെ 11247 തെരുവ്നായ്ക്കളെ പിടികൂടി കുത്തിവെപ്പ് നല്‍കിയിട്ടുണ്ട്. എ.ബി.സി പദ്ധതിക്കായി നിയോഗിക്കപ്പെടുന്ന ഏജന്‍സിക്ക് കേന്ദ്ര ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ രജിസ്ട്രേഷന്‍ പുതുക്കിക്കിട്ടുന്ന മുറക്ക് എബിസി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.
സെപ്റ്റബര്‍ 26 മുതല്‍ ക്ടോബര്‍ 25 വരെ ജില്ലയിലെ മുഴുവന്‍ വളര്‍ത്തു പട്ടികളിലും കുത്തിവെപ്പ് നടത്തി ലൈസന്‍സ് നല്‍കും. ഒക്ടോബര്‍ 26 മുതല്‍ 30വരെ തെരുവ് നായ്ക്കളിലും പ്രതിരോധ കുത്തിവെപ്പ് നടത്തും. നവംബര്‍ ഒന്നിന് കുത്തിവെപ്പ് സംബന്ധിച്ച അവലോകനം ചേരാനും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേംബറില്‍ പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, അസി.കളക്ടര്‍ മിഥുന്‍ പ്രേംരാജ് എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
തിങ്കളാഴ്ച രാവിലെ പത്തിന് ജില്ലയിലെ എം.എല്‍.എമാര്‍, തദ്ദേശ സ്ഥാപന പ്രസിഡണ്ട്, സെക്രട്ടറി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്മാര്‍ തുടങ്ങിയവരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.