കോഴിക്കോട്: പതിനാറുവര്‍ഷമായി മുടങ്ങികിടക്കുന്ന മീഞ്ചന്ത ബസ് ടെര്‍മിനല്‍ പദ്ധതി വീണ്ടും സാധ്യതാപട്ടികയില്‍ പെടുത്തി കോര്പറേഷന്. മിനി ബൈപ്പാസില്‍ ബസ് സ്റ്റാന്റ് നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തിയിരുന്നുവെങ്കിലും വിജിലന്‍സ് കേസ് കാരണം നീണ്ടുപോവുകയായിരുന്നു. കേസില്‍ അനുകൂലവിധി ഉണ്ടായതോടെയാണ് കോര്പറേഷന് വീണ്ടും പ്രോജക്ട് പൊടിതട്ടിയെടുക്കുന്നത്. ഭാവിയില്‍ കോര്പറേഷന് വരുമാനം ഉണ്ടാവുന്ന വിധത്തില്‍ ആധുനിക രീതിയിലുള്ള ബസ് ടെര്‍മിനല്‍ നിര്‍മിക്കാനാണ് ആലോചന. നഗരത്തിലെ തിരക്ക് കുറക്കാനാണ് മീഞ്ചന്തയില്‍ ബസ് ടെര്‍മിനല്‍ നിര്‍മിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. തെക്ക് നിന്ന് വരുന്ന ദീര്‍ഘദൂരബസുകള്‍ മീഞ്ചന്തയില്‍ ഓട്ടം നിര്‍ത്താനും നഗരത്തിലേക്ക് എത്തേണ്ട യാത്രക്കാര്‍ സിറ്റി സര്‍ക്കുലര്‍ ബസുകളില്‍ യാത്ര തുടരാനുമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഇതോടെ നഗരത്തില്‍ ഗതാഗതകുരുക്ക് കുറയും.
പദ്ധതിയുടെ ഡി.പി.ആര് തയാറാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിനായി താല്പര്യപത്രം ക്ഷണിക്കും. മീഞ്ചന്ത ബൈപ്പാസിന് സമീപം 2.10 ഏക്കര്‍ ഭൂമിയാണ് അക്വയര്‍ ചെയ്തിട്ടുള്ളത്. 1998 ജൂലൈയില്‍ ആയിരുന്നു ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായിരുന്നത്.1999സെപ്റ്റംബറില്‍ അംഗീകാരമായി. 2000 ആഗസ്റ്റില്‍ സര്‍ക്കാര്‍ ഉത്തരവ് വന്നു.2006ലാണ് സ്ഥലം ഏറ്റെടുത്തത്. മെഡിക്കല്‍ കോളജ് ബസ് ടെര്‍മിനല്‍ പദ്ധതി കേസില്‍ കുടുങ്ങിയപ്പോള്‍ മീഞ്ചന്ത പദ്ധതിയും തുടങ്ങാനാവാത്ത അവസ്ഥയിലായി. അന്ന് 78 ലക്ഷം രൂപ പദ്ധതിക്കായി അനുവദിച്ചിരുന്നു.
ബി.ഒ.ടി അടിസ്ഥാനത്തിലായിരിക്കും പദ്ധതി നടപ്പാക്കുക. വായ്പയെടുത്ത് കോര്പറേഷന് നേരിട്ട് നിര്‍മിക്കാനും സാധ്യതയുണ്ട്. അരീക്കാട് പൊലീസ് സ്റ്റേഷന് പരിസരത്തുള്ള പഴയവാഹനങ്ങള്‍ പദ്ധതി സ്ഥലത്ത് കുന്നുകൂടി കിടക്കുകയാണ്. അതെല്ലാം എടുത്തുമാറ്റിയാല്‍ മാത്രമെ പ്രവൃത്തി തുടങ്ങാന്‍ ആവുകയുള്ളു.