കൂപ്പണ്‍ പോരാ;’ജോലി ചെയ്താല്‍ കൂലി കൊടുക്കണമെന്ന് കാനം
കൊച്ചി: കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ ശമ്പള കുടിശികയ്ക്ക് പകരം സര്‍ക്കാരിന്റെ കോര്‍പറേഷനുകളുടെ കൂപ്പണും വൗച്ചറും നല്കാന് ഹൈക്കോടതി നിര്‍ദേശം. കൂപ്പണ്‍ സ്വീകരിക്കാത്തവരുടെ ശമ്പളം കുടിശികയായി നിലനിര്‍ത്തും.
എന്നാല്‍ ജോലി ചെയ്താല്‍ കൂലി കൊടുക്കണം. അല്ലാതെ കൂപ്പണും റേഷനും കൊടുക്കുന്നത് ശരിയായ നിലപാടല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ സമരം ചെയ്യാനുള്ള ആരോഗ്യം സിപിഐക്കില്ലെന്നും കാനം കണ്ണൂരില്‍ പറഞ്ഞു.
‘ജോലി ചെയ്തിട്ട് ശമ്ബളം കൊടുക്കാത്തതിരിക്കുന്നതില്‍ എന്ത് ന്യായമാണ് ഉള്ളത്. ജോലി ചെയ്താല്‍ കൂലി കൊടുക്കണം. അത് ആര് കൊടുക്കണമെന്നത് മാനേജ്മെന്റും സര്‍ക്കാരും ആലോചിക്കണം. അതല്ലാതെ കൂപ്പണ്‍ കൊടുക്കാം, റേഷന്‍ കടയില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാമെന്നൊക്കെ പറയുന്നതില്‍ യാതൊരു അര്‍ഥവുമില്ല. ജോലി സമയം കൂട്ടുന്നതില്‍ ഒരു ട്രേഡ് യൂനിയനും യോജിക്കുന്നില്ലെന്നും’ കാനം പറഞ്ഞു.
ശമ്പള വിതരണത്തിന് അടിയന്തരമായി സര്‍ക്കാര്‍ 50 കോടി കെ.എസ്ആര്‍.ടി.സിക്ക് കൈമാറണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. ശമ്പളത്തിന്റെ മൂന്നിലൊന്ന് ഈ തുക ഉപയോഗിച്ച് വിതരണം ചെയ്യണം. മാവേലിസ്റ്റോര്‍, സിവില്‍ സപ്ലൈസ് കോര്പറേഷന്, കണ്‍സ്യൂമര്‍ ഫെഡറേഷന് എന്നിവയുടെ കൂപ്പണും വൗച്ചറുമാണ് നല്‍കേണ്ടത്. ഇവ ഈ മാസം ആറിനുള്ളില്‍ വിതരണം ചെയ്യണം. കോടതി നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചതോടെ ജീവനക്കാരുടെ ജൂലായ്, ഓഗസ്റ്റ് മാസത്തെ ശമ്ബള കുടിശിക ഓണക്കിന് മുന്‍പ് ലഭിക്കില്ലെന്ന് വ്യക്തമായി.
ശമ്പളം നല്‍കുന്നതിന് 103 കോടി നല്‍കണമെന്ന് സര്‍ക്കാരിനോട് സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീലില്‍ പരിഗണിക്കുമ്പോള്‍ കൂപ്പണും വൗച്ചറും പരിഗണിക്കുന്ന കാര്യം കോടതി വാക്കാല്‍ അഡ്വക്കേറ്റ് ജനറലിനോട് ചോദിച്ചിരുന്നു. ഇത് സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് ഉത്തരവായി ഇറക്കിയത്. എന്നാല്‍ കൂപ്പണ്‍ നല്‍കുന്നതിനെ തൊഴിലാളികള്‍ ഇന്നലെ കോടതിയില്‍ എതിര്‍ത്തിരുന്നു.