ശ്രീനഗര്‍:ജമ്മുകശ്മീരിലെ ഗുപ്കര്‍ സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തി ഫാറൂഖ് അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള നാഷനല്‍ കോണ്‍ഫറന്‍സ്, തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാന്‍ തീരുമാനമെടുത്തു. നേരത്തേ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി ബിജെപി സര്‍ക്കാര്‍ എടുത്തു കളഞ്ഞതോടെയാണ് സംസ്ഥാനത്തെ ബിജെപി ഇതര പാര്‍ട്ടികള്‍ ചേര്‍ന്ന് ഗുപ്കര്‍ സഖ്യം രൂപീകരിച്ചത്. ഇതോടെ ചിരവൈരികളായിരുന്ന പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും (പിഡിപി) നാഷനല്‍ കോണ്‍ഫറന്‍സും ഒന്നുചേര്‍ന്നു.
എന്നാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് നാഷനല്‍ കോണ്‍ഫറന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. സഖ്യത്തില്‍ നിന്നും മോശം പരിഗണനയാണ് ലഭിക്കുന്നതെന്നും അതിനാലാണ് സഖ്യംവിട്ട് തനിച്ച് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ജമ്മുകശ്മീരിനെ സംരക്ഷിക്കാന്‍ ജനം ഒമര്‍ അബ്ദുല്ലയ്ക്ക് വോട്ടു ചെയ്യണമെന്നും പാര്‍ട്ടി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
നാഷനല്‍ കോണ്‍ഫറന്‍സ് (എന്‍സി), പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി), സിപിഎം, സിപിഐ, അവാമി നാഷനല്‍ കോണ്‍ഫറന്‍സ് എന്നീ പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന ഗുപ്കര്‍ സഖ്യത്തിന്റെ നേതാവ് ഫാറൂഖ് അബ്ദുല്ലയാണ്. ഗുപ്കര്‍ സഖ്യം രൂപീകരിച്ചത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നതിനപ്പുറം വലിയ ലക്ഷ്യങ്ങളുമായാണെന്ന് പിഡിപി പ്രതികരിച്ചു.