കോഴിക്കോട്: ബീച്ചില്‍ ഞായറാഴ്ച രാത്രി സംഗീത കാര്‍ണിവലിനിടെ സംഘര്‍ഷം ഉണ്ടാവാന്‍ പ്രധാന കാരണം സാമൂഹ്യവിരുദ്ധരുടെ അക്രമമെന്ന് സംഘാടകര്‍ പറയുന്നു. കിടപ്പ് രോഗികള്‍ക്ക് കാരവാന് ഒരുക്കുന്നതിന് പണം സ്വരൂപിക്കാനാണ് സംഗീത കാര്‍ണിവല്‍ ഒരുക്കിയത്. രണ്ടുദിവസം നല്ല നിലയില്‍ നടന്ന പരിപാടി മൂന്നാംദിവസമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തിന് പിന്നില്‍ സാമൂഹ്യവിരുദ്ധരുടെ സാന്നിധ്യമുണ്ടെന്ന് ജെ.ഡി.ടി സ്റ്റുഡന്റ്സ് ഇനിഷിയേറ്റീവ് ഇന്‍ പാലിയേറ്റീവ് കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ സലാം പറഞ്ഞു.
എല്ലാ വര്‍ഷവും കിടപ്പുരോഗികള്‍ക്കുവേണ്ടി ധനസമാഹരണം നടത്തുന്നതിന് ഇതുപോലുള്ള വലിയ കലാപരിപാടികള്‍ നടത്താറുണ്ട്. രോഗികള്‍ക്ക് വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കാഴ്ചകള്‍ കാണാനാണ് സൗകര്യം ഒരുക്കുന്നത്. 30 ലക്ഷം രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. അവസാനത്തെ ദിവസം മാത്രമാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കിയിരുന്നത്. അതേസമയം, കൂടുതല്‍ ആളുകള്‍ എത്തിയതോടെ സംഘാടനം പാളുകയാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. കൂടുതല്‍ ആളുകള്‍ക്ക് ഇരിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. വീണ്ടും ടിക്കറ്റ് വിതരണം നടത്തുകയും ചെയ്തു.
സാമൂഹ്യദ്രോഹികള്‍ അവസരം മുതലെടുത്തു എന്നതില്‍ തര്‍ക്കമില്ലെങ്കിലും ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുമ്പോള്‍ പാലിക്കേണ്ട ആസൂത്രണം സംഘാടകരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. അതുകൊണ്ടുതന്നെ പൊലീസ് സംഘാടകര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. സംഘര്‍ഷമുണ്ടായപ്പോള്‍ സ്ത്രീകളും കുട്ടികളും അതില്പെട്ടു. അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സംഘാടകര്‍ക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും ചൂണ്ടികാണിക്കപ്പെടുന്നു. പണം കൊടുത്ത് ടിക്കറ്റ് വാങ്ങിയവര്‍ക്ക് ഹാളില്‍ കയറാന്‍ സാധിക്കാതെ വന്നപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്.