കോഴിക്കോട്: സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് രണ്ടാം കേരള സംസ്ഥാന ജൈവ വൈവിധ്യ കോണ്‍ഗ്രസ് 18, 19, 20 തീയതികളിലായി കോഴിക്കോട് നടക്കും. ജൈവ വൈവിധ്യ പ്രദര്‍ശനത്തോടെ 18 ന് വൈകുന്നേരം മൂന്ന് മണിക്ക് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ തുടക്കമാവും. 19 ന് രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് നിര്‍വ്വഹിക്കും. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ജൈവവവിധ്യവുമായി ബന്ധപ്പെട്ട ശാസ്ത്ര സാങ്കേതിക പ്രവര്‍ത്തകര്‍, കര്‍ഷകര്‍, കലാസാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
തുടര്‍ന്ന് ജൈവവൈവിധ്യ അവാര്‍ഡുകളുടെ വിതരണം, കേരളത്തിലെ ജൈവവൈവിധ്യ പരിപാലന സംഘങ്ങളുടെ സംഗമം, കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് തുടങ്ങിയവയും 20 ന് സംരക്ഷക കര്‍ഷകരുടെ സംഗമം, ജൈവവൈവിധ്യ സാങ്കേതിക സഹായ സംഘങ്ങളുടെ മേഖലാ സമ്മേളനം (തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകള്‍) എന്നിവയും നടക്കും. സ്ത്രീശാക്തീകരണം- ജൈവവൈവിധ്യ സംരക്ഷണവും ജീവനോപാധിയും’ എന്ന വിഷയത്തിലൂന്നിയ സിമ്പോസിയവും സംഘടിപ്പിക്കുന്നുണ്ട്.
പ്രദര്‍ശനത്തില്‍ ദേശീയ തലത്തിലുള്ള വിവിധ വകുപ്പുകള്‍, ശാസ്ത്ര സാങ്കേതിക ഗവേഷണ സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സംഘടനകള്‍, സഹകരണ സംഘങ്ങള്‍ തുടങ്ങി ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട വിവിധ പ്രതിനിധികള്‍ ഒരുക്കുന്ന നൂറ്റിയിരുപത്തിയഞ്ചില്‍ പരം സ്റ്റാളുകളും ഉണ്ടായിരിക്കുന്നതാണ്. സംരക്ഷക കര്‍ഷകരുടെ ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വിതരണവും ഉണ്ടായിരിക്കുന്നതാണ്. നാടന്‍ ഭക്ഷണശാല, വിവിധതരം തനത് വിത്തിനങ്ങളും, ഉല്പന്നങ്ങളും തുടങ്ങിയവയും സ്റ്റാളുകളില്‍ ഒരുക്കുന്നുണ്ട്..
. സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഗവേഷണ വിദ്യാര്‍ഥികള്‍, തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ പ്രതിനിധികള്‍, ഗവേഷണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ തുടങ്ങി ഏകദേശം മൂവായിരത്തിലധികം പേര് കോണ്‍ഗ്രസില്‍ പങ്കാളികളാകും. പ്രവേശനം സൗജന്യമായിരിക്കും.
‘ജൈവവൈവിധ്യവും ഉപജീവനവും’ എന്നതാണ് ഇക്കൊല്ലത്തെ ജൈവവൈവിധ്യ കോണ്‍ഗ്രസ്സിന്റെ മുഖ്യ പ്രതിപാദ്യ വിഷയം.