കോഴിക്കോട്: വെള്ളിമാട്കുന്ന് ജുവനൈല്‍ഹോമിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ ഓളിച്ചോടിയ സംഭവവുമായി ബന്ധപ്പെട്ട് ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് സല്‍മയെയും ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ നുസൈബയെയും അന്വേഷണവിധേയമായി സ്ഥലം മാറ്റി.ശിശുക്ഷേമസമിതി നടത്തിയ അന്വേഷണത്തില്‍ ഇവരുടെ അലംഭാവമാണ് കുട്ടികള്‍ ഒളിച്ചോടാന്‍ കാരണമെന്ന് പറഞ്ഞിരുന്നു. ജുവനൈല്‍ ഹോമിലെ അധികാരികളുടെ അശ്രദ്ധ സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ബന്ധപ്പെട്ട ഓഫീസര്‍മാര്‍ നിരുത്തരവാദപരമായി പെരുമാറിയ സാഹചര്യത്തില്‍ ശക്തതമായ നടപടിയെടുക്കാന്‍ മന്ത്രി വീണ ജോര്‍ജ്ജ് നിര്‍ദേശിക്കുകയായിരുന്നു. അതേസമയം, ഗേള്‍സ് ഹോമില്‍ ഉള്‍പ്പെടെ സുരക്ഷ ശക്തമാക്കാന്‍ ബന്ധപ്പെട്ടവരുടെ യോഗം തീരുമാനിച്ചു. ശിശുക്ഷേമസമിതി യോഗത്തിലാണ് അടിയന്തര നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ച് ഇവിടെ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കും. സുരക്ഷാജീവനക്കാരെ നിയമിക്കാനും തീരുമാനമെടുത്തു.പൊളിഞ്ഞ ചുറ്റുമതില്‍ പുതുക്കിപണിയും. ഇത്തരം ശുപാര്‍ശകള്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു. ഇത് സര്‍ക്കാറിലേക്ക് അയക്കും. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടികളില്‍ രണ്ടു വീട്ടുകാര്‍ കൊണ്ടുപോയി. മൂന്നുപേരെ കൊണ്ടുപോവാന്‍ പറ്റാത്ത സാഹചര്യമാണെന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ അറിയിച്ചിരുന്നു. ഒരാള്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.
ചില്‍ഡ്രന്‍ ഹോമിലെ ജീവിതസാഹചര്യം മോശമാണെന്നാണ് കുട്ടികളുടെ പരാതി. ഇത് മാറ്റിയെടുക്കാന്‍ നടപടിയുണ്ടാവും. ജില്ലാ ശിശുവികസന ഓഫീസര്‍ അബ്ദുല്‍ ബാരി, സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ എ. ഉമേഷ്, മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. സുദര്‍ശന്‍, ചേവായൂര്‍ സി.ഐ ചന്ദ്രമോഹന്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്.
സമിതിയുടെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജുവനൈല്‍ഹോം സന്ദര്‍ശിക്കും.