വാണിമേല്‍ : സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന മുര്‍ഷിദീ ഇശല്‍ ബിഷാറ ഏര്‍പ്പെടുത്തിയ പി. ശാദുലി സ്മാരക പുരസ്കാരം കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എം കെ അഷ്റഫ് ഏറ്റുവാങ്ങി.കക്കംവെള്ളി ഇസ്ലാമിക് സെന്റര്‍ പരിസരത്ത് നടന്ന ചടങ്ങില്‍ എ .എം .നൗഷാദ് ബാഖവി ചിറയിന്‍കീഴ് ആണ് അവാര്‍ഡ് സമ്മാനിച്ചത്.
കലാസാഹിത്യരംഗത്തെ സമഗ്ര സംഭാവനക്ക് വര്‍ഷംതോറും നല്കി വരാറുള്ള പുരസ്കാരത്തില്‍ ശാദുലിയുടെ നാമധേയത്തിലുള്ള ഒന്നാമത്തേതാണിത്.
ഇശല്‍ ബിഷാറ കലാസാഹിത്യ സംഘം ചെയര്മാന് എം.എച്ച് .വള്ളുവങ്ങാട് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കല്‍ ഉദ്ഘാടനം ചെയ്തു.കണ്‍വീനര്‍ പി.മുനീര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. മഹല്ല് ഖാദി എടോളി മമ്മു മുസ്ലിയാര് പ്രാര്‍ത്ഥന നടത്തി.മലബാര്‍ ഫൗണ്ടേഷന് ചെയര്മാന് സൂപ്പി നരിക്കാട്ടേരി അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി.
മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി എന്‍.കെ. മൂസ മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സി.കെ നാസര്‍, വാര്‍ഡ് മെമ്പര്‍മാരായ വി.അബ്ദുല്‍ ജലീല്‍, അബ്ബാസ് കണേക്കല്‍,മാപ്പിള കവി കുന്നത്ത് മൊയ്തു വാണിമേല്‍, കെ എം സി സി നേതാക്കളായ തായമ്പത്ത് കുഞ്ഞാലി,യു കെ റാഷിദ്, ടി കെ അബ്ബാസ്, ഇ.എം ഇസ്മായില്‍ ഹാജി,നവാസ് പുറമേരി,ഒ പി മൊയ്തു ഏറാമല, ജെ.പി ഇസ്മയില്‍ മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.