Saturday, June 21, 2025

100 കേരളീയ മുസ്ലിം വനിതകളെക്കുറിച്ച് ഇ-പുസ്തകം വരുന്നു

Must Read

കാസര്‍കോട്: രാഷ്ട്രനിര്‍മാണത്തിനായി ശ്രദ്ധേയ സംഭാവനകള്‍ അര്‍പ്പിച്ച 100 കേരളീയ മുസ്ലിം സ്ത്രീകളെക്കുറിച്ച് ഇ-പുസ്തകമിറങ്ങുന്നു. മുതിര്‍ന്ന ആഗോള നയതന്ത്രജ്ഞ ഡോ. ഫെറ കെ. ഉസ്മാനി നേതൃത്വം നല്‍കുന്ന റൈസിങ് ബിയോണ്ട് ദ് സീലിങ് (ആര്‍.ബി.ടി.എസ്.) കൂട്ടായ്മയാണു പദ്ധതിക്കു പിന്നില്‍. Rising Beyond The Ceiling: 100 Inspiring Muslim Women of Kerala എന്നു പേരിട്ടിരിക്കുന്ന ലഘു ജീവചരിത്ര സമാഹാരത്തിന്റെ പ്രകാശനം കേരളപ്പിറവി ദിനത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നു. ശാസ്ത്രജ്ഞര്‍, അധ്യാപകര്‍, ഗായകര്‍, പൊതുപ്രവര്‍ത്തകര്‍, കലാകാരികള്‍, വാണിജ്യപ്രമുഖര്‍ തുടങ്ങിയവരുടെ വിജയഗാഥകളാണു പ്രതിപാദ്യം.

നീണ്ട പ്രക്രിയയിലൂടെയാണു ഇ-പുസ്തകമെന്ന ആശയം യാഥാര്‍ഥ്യമായത്. 2020ല്‍ പ്രാഥമിക പ്രവര്‍ത്തനം ആരംഭിച്ചു. രാഷ്ട്രനിര്‍മാണത്തിനു സംഭാവനകള്‍ അര്‍പ്പിച്ച കേരളീയ മുസ്ലിം സ്ത്രീകളെ കണ്ടെത്തുകയായിരുന്നു ആദ്യഘട്ടം. നാമനിര്‍ദേശം ചെയ്യപ്പെട്ട പല പേരുകളില്‍നിന്നാണ് അര്‍ഹരായ നൂറു പേരെ തെരഞ്ഞെടുത്തത്.

ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംരംഭകനും സാമൂഹ്യപ്രവര്‍ത്തകനുമായ അമീര്‍ അഹമ്മദ്, ബ്രൂക്ക്‌ലിന്‍ കോളജ് പ്രഫസര്‍ ഡോ. ഷഹീന്‍ ഉസ്മാനി എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിയാണ് ആര്‍.ബി.ടി.സി. 100 അന്തിമ പട്ടിക തയ്യാറാക്കിയത്. ധൈര്യത്തിന്റെയും മനക്കരുത്തിന്റെയും സേവനത്തിന്റെയും പ്രതീകങ്ങളായ കേരളീയ മുസ്ലിം സ്ത്രീകളില്‍ ചുരുക്കം പേര്‍ മാത്രം ഉള്‍പ്പെടുന്നതാണു പട്ടികയെന്ന് ഡോ. ഫെറ കെ.ഉസ്മാനി ചൂണ്ടിക്കാട്ടി.18 വയസ്സിനും 25 വയസ്സിനും ഇടയില്‍ പ്രായമുള്ള എല്ലാ മതവിഭാഗങ്ങളിലും പെട്ട യുവതികള്‍ക്കായി ആര്‍.ബി.ടി.സി. ഓണ്‍ലൈന്‍ മെന്റര്‍ഷിപ് പ്രോഗ്രാം നടത്തുന്നുണ്ട്.


എല്ലാ മതവിശ്വാസങ്ങളോടും ചേര്‍ന്നുനിന്നുകൊണ്ട് സമഗ്രതയോടെ കേരള മുസ്ലിം സ്ത്രീകളുടെ ജീവചരിത്രം രേഖപ്പെടുത്തുക വഴി ഇത്തരം കാര്യങ്ങളെ സംബന്ധിച്ചു വ്യാജചരിത്രം പ്രചരിക്കുന്നതിനു തടയിടാന്‍ കഴിയുമെന്ന് ആര്‍.ബി.ടി.സി. പ്രതീക്ഷിക്കുന്നു.
നവംബര്‍ ഒന്നിന് ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്ക്കാണ് ഇ-ബുക്ക് പ്രകാശനച്ചടങ്ങ്. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി.കെ.അബ്ദുല്‍ റഹീം, രാജ്യസഭാ എം.പി. ജെബി മേത്തര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.

സൂം വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ ചടങ്ങിന്റെ ഭാഗമാകും. ആമസോണ്‍ കിന്‍ഡില്‍ വഴി ഇ-ബുക്കിന്റെ പ്രീ ഓര്‍ഡറിങ് നടത്താന്‍ കഴിയും. ആര്‍.ബി.ടി.സി. 100ല്‍ പെട്ടവരുടെ ജീവിത സംഗ്രഹം https://www.inspiringindianmuslimwomen.org/kerala എന്ന ലിങ്കില്‍ നവംബര്‍ ഒന്നു മുതല്‍ ലഭ്യമായിരിക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: +971561717620. ഇ-മെയ്ല്‍: ameer@manappat.com

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img