രാജ്കോട്ട്:രാജ്യദ്രോഹ കേസുകളില്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്ന ഭയത്തിലാണ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് വിട്ടതെന്ന് പാര്‍ട്ടി ഗുജറാത്ത് സംസ്ഥാന അധ്യക്ഷന്‍ ജഗദീഷ് ഠാക്കൂര്‍. തന്നെ അവഗണിക്കുകയാണെന്നു കാട്ടി ബുധനാഴ്ചയാണ് ഹാര്‍ദിക് കോണ്‍ഗ്രസില്‍നിന്ന് രാജിവയ്ക്കുകയാണെന്ന് അറിയിച്ചത്.
‘പാര്‍ട്ടി ഹാര്‍ദിക്കിന് എല്ലാം നല്കി. ഇക്കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ ‘താര പ്രചാരക’നാക്കി, ഹെലിക്കോപ്റ്ററും നല്കി. വളരെ ഉയര്‍ന്ന പദവിയാണ് പാര്‍ട്ടി അദ്ദേഹത്തിനു നല്‍കിയത്. എന്നിട്ടും പാര്‍ട്ടി ഒന്നും തന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി.
ബിജെപി സംസാരിക്കാന്‍ പറയുമ്പോള്‍ മാത്രമാണ് ഇപ്പോള്‍ ഹാര്‍ദിക് സംസാരിക്കുക. അദ്ദേഹത്തിന്റെ എഴുത്തിലെ ഭാഷ പോലും സ്വന്തമല്ല, ബിജെപി ഓഫിസില്‍നിന്ന് തയാറാക്കിക്കൊടുത്തതാണ്. കോണ്ഗ്രസില്നിന്നാല് രാജ്യദ്രോഹ കേസുകളില്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് ഹാര്‍ദിക് ഭയപ്പെട്ടിരിക്കാം. ശിക്ഷയില്‍നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചത്. അദ്ദേഹം ചിലപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നേക്കാം’ ജഗദീഷ് ഠാക്കൂര്‍ കൂട്ടിച്ചേര്‍ത്തു.
2019ലാണ് പട്ടേല്‍ പ്രക്ഷോഭ നേതാവായിരുന്ന ഹാര്‍ദിക് കോണ്‍ഗ്രസില്‍ ചേരുന്നത്. 2020ല്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റുമാരില്‍ ഒരാളായി നിയമിതനായി. എന്നാല്‍ ഗുജറാത്ത് കോണ്‍ഗ്രസ് നേതൃത്വം സംസ്ഥാനത്തെ യഥാര്‍ഥ വിഷയങ്ങള്‍ പരിഗണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹാര്‍ദിക് രാജിവച്ചത്. ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കും.