കോഴിക്കോട് : മത സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം ഉൾപ്പെടെയുള പൗരാവകാശങ്ങൾ കവരുന്ന സാഹചര്യത്തിൽ ഹനിക്കപെടുന്ന പൗര സ്വാതന്ത്ര്യം എന്ന ശീർഷകത്തിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഫെബ്രുവരി 20ന് ഞായറാഴ്ച സെമിനാർ സംഘടിപ്പിക്കും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിലെ ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ ഉച്ചക്ക് ശേഷം മൂന്ന് മണിക്കാരംഭിക്കുന്ന സെമിനാർ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്യും. ഡോ. എം. കെ മുനീർ എം. എൽ. എ, സാഹിത്യകാരൻ കെ.പി രാമനുണ്ണി, മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും.
ഇഷ്ടപ്പെട്ട മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനും ആർട്ടിക്കിൾ 25 പ്രകാരം ഭരണ ഘടന ഉറപ്പു നൽകുന്ന മത സ്വാതന്ത്ര്യം പോലും നിഷേധിക്കപെടുകയാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതം അനുശാസിക്കുന്ന രീതിയിലുള്ള വസ്ത്രധാരണത്തിനുള്ള വിലക്ക് മത സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണ്. ഭരണകൂടം മൗലീകവകാശങ്ങൾ നിഷേധിക്കുന്ന കാര്യങ്ങൾ റിപോർട്ട് ചെയ്യുന്ന മാധ്യമ സ്ഥാപനങ്ങൾ അടച്ചു പൂട്ടി ജനാധിപത്യത്തിലെ എതിർ ശബ്ദങ്ങൾ ഇല്ലാതാക്കുന്ന സമീപനവും ആശങ്കാ ജനകമാണ്. ഇന്ത്യയുടെ ബഹുസ്വരതയും ജനാധിപത്യവും നേരിടുന്ന വെല്ലുവിളികൾക്കെതിരെയുള്ള പോരാട്ടത്തിന് മതേതര സമൂഹത്തെ സജ്ജമാക്കുക എന്നതാണ് സെമിനാറിന്റ ലക്ഷ്യമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും പറഞ്ഞു. സംഘ് പരിവാർ അധികാരം കയ്യാളുന്ന കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് നിരന്തരമായുണ്ടാവുന്ന മനുഷ്യാവകാശ ധ്വംസനങ്ങളുടെ കാലത്താണ് ഇങ്ങനെയൊരു സെമിനാർ സംഘടിപ്പിക്കപ്പെടുന്നത്. സെമിനാർ വിജയമാക്കാൻ നേതാക്കൾ ആഹ്വാനം ചെയ്തു.