കൊച്ചി: ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് തീര്‍ത്ഥാടക സംഘം മറ്റന്നാള്‍ കൊച്ചിയില്‍ നിന്ന് പുറപ്പെടും. സംഘത്തിലെ 377 തീര്‍ഥാടകര്‍ നെടുമ്പാശേരിയിലെ ക്യാംപിലെത്തി. ഇവര്‍ക്ക് പുറമേ തമിഴ്നാട്, ലക്ഷദ്വീപ്, ആന്തമാന്‍, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള 1989 തീര്‍ത്ഥാടകരും കൊച്ചി എംബാര്‍ക്കേഷന്‍ പോയിന്റ് വഴിയാണ് യാത്ര ചെയ്യുന്നത്.
ജൂണ്‍ 4 മുതല്‍ 16 വരെ സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ ചാര്‍ട്ട് ചെയ്ത 20 വിമാനങ്ങളിലാണ് തീര്‍ത്ഥാടകരുടെ യാത്ര. ശനിയാഴ്ച ആദ്യ സംഘത്തിന്റെ ഫല്‍ഗ് ഓഫ് ചടങ്ങില്‍ മന്ത്രിമാരായ പി രാജീവ്, അഹ്‌മദ് ദേവര്‍കോവില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുള്ളക്കുട്ടി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി തുടങ്ങിയവര്‍ പങ്കെടുക്കും.
ആദ്യ യാത്രാസംഘത്തിലെ ഹാജിമാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഹജ്ജ് ക്യാംപില്‍ റിപ്പോര്‍ട്ട് ചെയ്തു. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിനുള്ള സൗകര്യം ക്യാംപിലുണ്ട്. ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍, വളണ്ടിയര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഹജ്ജ് സെല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. എറണാകുളം കലക്ടര്‍ ജാഫര്‍ മാലിക്ക് ഹജ്ജ് ക്യാംപ് സന്ദര്‍ശിച്ചു ഒരുക്കങ്ങള്‍ വിലയിരുത്തി.