കോഴിക്കോട്: സ്വാതന്ത്ര്യസമരത്തെ അതിന്റെ വൈവിദ്ധ്യത്തിലും യാഥാര്‍ത്ഥ്യത്തിലും കാണാന്‍ ഹിന്ദു, മുസ്ലിം കണ്ണടകള്‍ കൊണ്ട് സാധിക്കില്ലെന്നും അതിന് വേണ്ടത് ഇന്ത്യന്‍ കണ്ണടയാണെന്നും ഡോ. എം. പി. അബ്ദുസമദ് സമദാനി എംപി അ്രഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ സമരവും മലബാറും എന്ന തലക്കെട്ടില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പുസ്തക മേളയോടനുബന്ധിച്ചുളള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സമദാനി.
സ്വാതന്ത്ര്യ സമരത്തിലെ ധാരകളെല്ലാം രാജ്യത്തിന്റെ പൊതു പൈതൃകത്തിന്റെ ഭാഗമാണ്. മലബാര്‍ സമരത്തിലും ഹിന്ദുക്കളായ നേതാക്കളുടെ പങ്കാളിത്തമുണ്ട്.
എം.പി നാരായണ മേനോനും ബ്രഹമദത്തന്‍ നമ്പൂതിരിപ്പാടും മാത്രമല്ല അവരെപ്പോലുള്ള മറ്റു നേതാക്കളും അസംഖ്യം സാധാരണക്കാരും മുസ്്ലിംകള്‍ക്കൊപ്പം സമരത്തില്‍ പങ്കാളിയായിട്ടുണ്ട്. ഭൂതകാലത്തിന് മേല്‍ വര്‍ത്തമാനകാലം അടിച്ചേല്‍പ്പിക്കുന്നത് സത്യസന്ധ്യമായ ചരിത്രാന്വേഷണ സമീപനത്തിന് കടക വിരുദ്ധമാണ്. അതാണ് ദുഷ്ടലാക്കോടെ ചിലര്‍ ഇന്ന് നടത്തുന്നത്. നെഹ്റു പോലും അവരുടെ സ്വാതന്ത്ര്യസമര സേനാനി പട്ടികയിലില്ല. ഗാന്ധി വിരോധവും അവര്‍ അടിക്കടി പ്രകടമാക്കിക്കൊണ്ടിരിക്കുകയാണ്.
വ്യക്തി വിരോധമല്ല അവര്‍ പ്രതിനിധാനം ചെയ്ത മതേതര വീക്ഷണത്തോടുള്ള പകയാണതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. ഓര്‍മയില്ലാത്ത മനുഷ്യനെ പോലെയാണ് ചരിത്ര ബോധമില്ലാത്ത അവസ്ഥയെന്ന് ഡോ പി.ജെ വിന്‍സെന്റ് അഭിപ്രായപ്പെട്ടു. വാരിയന്‍ കുന്നന്റെ ആകാര സൗഷ്ടപത്തിനും ശൗര്യത്തിനും മങ്ങലേല്‍പ്പിക്കുന്ന പുതിയ ചിത്രത്തില്‍ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1921ലെ മലബാര്‍ സമരം ഒരു സുപ്രഭാതത്തിലെ പ്രക്ഷോഭമല്ലെന്നും 1498 മുതലുള്ള സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ അന്തിമ സമരമാണെന്നും മാദ്ധ്യമപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഷെരീഫ് സാഗര്‍ പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ സ്വാഗതം പറഞ്ഞു.
പുസ്തക പ്രദര്‍ശനം ചരിത്രകാരന് എം. സി. വടകര ഉദ്ഘാടനം ചെയ്തു. കവിയരങ്ങില്‍ കവികളായ സത്യചന്ദ്രന് പൊയില്‍കാവ്, സമദ് പൂക്കാട്, റസിയ മമ്പാട് എന്നിവരും വിദ്യാര്‍ത്ഥികളായ ആമിന ഹമീദ് വി, പി. ഫിദ ഷെറിന് എന്നിവരും കവിതകള്‍ ആലപിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി. കെ. മുഹമ്മദലി അതിഥികളെ പരിചയപ്പെടുത്തി.
എഴുത്തനുഭവങ്ങളില്‍ മലബാര്‍ സമര ചരിത്രഗ്രന്ഥങ്ങളായ മലബാര്‍ സമരം എഴുതിയ ഡോ. മോയിന്‍ മലയമ്മ, മലബാര്‍ മുതല്‍ ഇസ്താംബൂള്‍ എഴുതിയ ഡോ. ടി സൈനുല്‍ ആബിദ്, മലബാര്‍ സമരവും മാപ്പിളപ്പാട്ടും ഗ്രന്ഥകര്‍ത്താവ് മുഹമ്മദ് ശഫീഖ് വഴിപ്പാറ എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍ അതിഥികളെ പരിപയപ്പെടുത്തി. മലബാര്‍ സ്വാതന്ത്ര്യസമരത്തെ പുതുതലമുറക്ക് ചരിത്ര പശ്ചാത്തലത്തോടെ പരിചയപ്പെടുത്തുന്ന പുസ്തകമേളക്ക് ചിത്രകാരന്മാരായ അഭിലാഷ് തിരുവോത്ത്, ആര്. ബി. ബാലകൃഷ്ണന്, മജിനി തിരുവങ്ങൂര്‍ എന്നിവര്‍ ചിത്രം വരച്ച് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.