തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികളുടെ സര്‍ഗശേഷി വികസിപ്പിക്കുന്നതിന് സഹായിക്കുന്ന മൂന്ന് തിയേറ്ററുകള്‍ ഒക്ടോബര്‍ ഒന്നിന് തിരുവനന്തപുരത്ത് യാഥാര്‍ത്ഥ്യമാകുന്നു. തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്‌കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്ക് ക്യാമ്പസിലെ ഡിഫ്രന്റ് ആര്‍ട് സെന്ററിലാണ് മൂന്ന് തിയേറ്ററുകള്‍ വരുന്നത്. ഒന്നിന് രാവിലെ പതിനൊന്ന് മണിക്ക് സാമൂഹ്യക്ഷേമ, ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍ ബിന്ദു ചടങ്ങ് ഉദ്ഘാടനം ചെയ്യും. മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലാണ് തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുക. സംസാരിക്കാനും കേള്‍ക്കാനും പ്രയാസമുള്ള കുട്ടികള്‍ക്കായുള്ള തിയേറ്റര്‍- മാജിക് ഓഫ് സൈലന്‍സ് പ്രമുഖ അഭിനേത്രി അഭിനയ ആനന്ദ് കുട്ടികള്‍ക്കായി തുറന്നുകൊടുക്കും. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള മാജിക് ഓഫ് മിറാക്കിള്‍ എന്ന തിയേറ്റര്‍ ഡോ. കൃതി പരേഖ് ഉദ്ഘാടനം ചെയ്യും. കാഴ്ച വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള മാജിക്ക് ഓഫ് ഡാര്‍ക്ക്‌നസ് എന്ന തിയേറ്റര്‍ സാമൂഹിക പ്രവര്‍ത്തകയും ജ്യോതിര്‍ഗമയ ഫൗണ്ടേഷന്റെ സ്ഥാപകയുമായ ടിഫാനി ബ്രാര്‍ കുട്ടികള്‍ക്കായി തുറന്നുകൊടുക്കും. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ സഹകരണത്തോടെയാണ് ഇവയുടെ പ്രവര്‍ത്തനം.