കാസര്‍കോട്:മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനാവശ്യമായ കൗണ്‍സലിംഗ് സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത്-നഗരസഭകളിലും സ്ഥിരം സംവിധാനമാക്കി മാറ്റാന്‍ വനിത കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് ചെയര്‍പേഴ്സണ്‍ അഡ്വ.പി.സതീദേവി പറഞ്ഞു.ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടെ സ്ത്രീകള്‍ കൂടുതലായി ജോലി ചെയ്യുന്ന മുഴുവന്‍ തൊഴിലിടങ്ങളിലും 2012ലെ പോക്സൊ ആക്ട് പ്രകാരമുള്ള ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റികള്‍ നിര്‍ബന്ധമായി പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
തദ്ദേശസ്വയംഭരണ സ്ഥാപന തലങ്ങളില്‍ സ്ഥിരം കൗണ്‍സലിംഗ് നടത്താന്‍ കഴിഞ്ഞാല്‍ നമ്മുടെ സാമൂഹിക അന്തരീക്ഷത്തില്‍ അത് വലിയ തോതിലുള്ള ഗുണം ചെയ്യും എന്നാണ് കമ്മീഷന്‍ കാണുന്നത്. കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം മറ്റു ജില്ലകള്‍ക്ക് മാതൃകയാവുംവിധമാണ്.പരാതികള്‍ ഏറ്റവും കുറഞ്ഞ ജില്ലയാണ് കാസര്‍കോടെന്ന് ഇന്ന് നടത്തിയ സിറ്റിംഗില്‍ മനസ്സിലാക്കാനായി.
32 പരാതികളാണ് കാസര്‍കോട്ട് പരിഗണിച്ചത്.അതില്‍ 14 എണ്ണം ഒത്തുതീര്‍പ്പായി.മൂന്ന് പരാതികള്‍ പൊലീസിന്റെയും മറ്റു ബന്ധപ്പെട്ട അധികൃതരുടേയും റിപ്പോര്‍ട്ട് ലഭിക്കുന്നതിനായി അയച്ചു.അടുത്ത സിറ്റിംഗിലേക്ക്15 പരാതികള്‍ മാറ്റിവെച്ചു.നാട്ടിന്‍പുറങ്ങളില്‍ ജനകീയ ഇടപെടലിലൂടെ പരിഹരിക്കപ്പെടുന്നതാണ് പരാതി കുറയാന്‍ കാരണം.കമ്മീഷന്‍ മുമ്പാകെ വന്ന പരാതികള്‍ അധികവും കുടുംബബന്ധ ശൈഥില്യങ്ങള്‍, ദാമ്പത്യ ബന്ധങ്ങളിലെ അസ്വാരസ്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടവയാണ്.
കമ്മീഷന്‍ കൗണ്‍സലിംഗ് സഹായത്തോടെ പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്.
എവിടെയെല്ലാം സ്ത്രീകള്‍ കൂടുതലായി ജോലി ചെയ്യുന്നുണ്ടോ അവിടെയെല്ലാം ആത്മാഭിമാനത്തോടെയും അന്തസ്സായും അത് നിര്‍വ്വഹിക്കാന്‍ കഴിയണം. അതിന് ഉതകുന്ന സംവിധാനം ഉണ്ടാക്കാനും പരാതികള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുന്നതിനുമാണ് ഇന്റേണല്‍ കമ്മിറ്റികള്‍.അത് രൂപവത്കരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സതി ദേവി പറഞ്ഞു.