കോഴിക്കോട്: കനത്ത മഴയ്‌ക്കൊപ്പം മഴക്കാല രോഗങ്ങളും വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ജില്ലയിലെ മിക്ക പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വൈറല്‍ പനി ഉള്‍പ്പെടെയുള്ള രോഗങ്ങളുമായി നൂറുകണക്കിന് രോഗികളാണ് വിവിധ ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്നത്. രോഗികളുടെ വര്‍ധിച്ച ബാഹുല്യം കാരണം പലേടത്തും ആവശ്യത്തിന് മരുന്നുകളില്ലാത്ത സ്ഥിതിയാണ്. കുട്ടികളുടേതുള്‍പ്പെടെയുള്ള മരുന്നുകള്‍ക്ക് പുറമെയുള്ള ഇംഗ്ലീഷ് മരുന്നുഷാപ്പുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണെന്ന് അനുഭവസ്ഥര്‍ പറയുന്നു..
പ്രൈമറി സ്‌കൂളുകള്‍ ഉള്‍പ്പെടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പനിയുടെ പിടിയിലാണ്. അധ്യാപകരും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെ വലിയൊരു വിഭാഗം പനി കാരണം അവധിയിലാണ്. പനി വിട്ടുമാറിയായാലും ചുമയും ക്ഷീണവും വിട്ടുമാറാത്തതിനാല്‍ അഞ്ചും ആറും ഏഴും ദിവസം കുട്ടികള്‍ക്ക് സ്‌കൂളിലെത്താന്‍ കഴിയാത്ത സ്ഥിതിയാണ്. പനി പൂര്‍ണമായും മാറാതെ സ്‌കൂളിലേക്ക് പോകേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതരും മറ്റും നിര്‍ദേശിക്കുന്നുണ്ട്. സ്‌കൂളില്‍ എത്തുന്ന എല്ലാ കുട്ടികളും മാസ്‌ക് ധരിക്കണമെന്നും വാക്‌സിന്‍ എടുക്കണമെന്നും സ്‌കൂള്‍ അധികൃതരും നിഷ്‌കര്‍ഷിക്കുന്നുണ്ട്. വാക്‌സിനാവശ്യമായ ക്രമീകരണങ്ങളും വിവിധ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. പനി കൂടുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. എല്ലാം നിയന്ത്രണ വിധേയമാണെന്നും മതിയായ ഔഷധങ്ങള്‍ എല്ലായിടത്തും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍….
@ കുട്ടികളില്‍നിന്ന് പനി പെട്ടെന്ന് മറ്റു കുട്ടികള്‍ക്ക് പകരാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ പനിയും ജലദോഷവുമുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ വരാതിരിക്കുക.
@ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പനിയോ ജലദോഷമോ അനുഭവപ്പെടുകയാണെങ്കില്‍ ആരോഗ്യ വിദഗ്ധനെ കണ്ട് മതിയായ വിശ്രമം എടുക്കണം.
@ ചൂടുള്ള പാനീയങ്ങള്‍ ഉപയോഗിക്കുക., തണുത്താറിയതും പഴക്കമുള്ളതുമായ ഭക്ഷണം ഒഴിവാക്കുക
@ വിശ്രമിക്കുക, കൈകാലുകള്‍ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കുക,
@ മാസ്‌ക് ധരിക്കുക, ആള്‍ക്കൂട്ടങ്ങള്‍ കഴിവതും ഒഴിവാക്കുക
@ രോഗ ലക്ഷണം ഉള്ളവര്‍ പ്രായമായവരില്‍ നിന്നും രോഗം സുഖപ്പെടുന്നതുവരെ അകലം പാലിക്കുക.
@ രണ്ട് ദിവസത്തില്‍ കൂടുതല്‍ പനി നിലനിന്നാല്‍ ഡോക്ടറെ കണ്ട് ചികിത്സ ഉറപ്പാക്കണം.
@ പ്രായമേറിയവര്‍ക്ക് രോഗം പെട്ടെന്ന് പിടിപെടാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ പനിയുള്ളവര്‍ മറ്റുള്ളവര്‍ക്ക് പകരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.