ജില്ലയില്‍ 16 കേന്ദ്രങ്ങളൊരുക്കാന്‍ സമഗ്ര ശിക്ഷാ പദ്ധതി
കോഴിക്കോട്: അറിവും നൈപുണ്യവും എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കേരളം എല്ലാ ബ്ലോക്കുകളിലും ഉന്നതനിലവാരമുള്ള തൊഴില്‍ നൈപുണി കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സഹായത്തോടെ ജില്ലയിലെ ഓരോ ബ്ലോക്കിലും ഒരു വിദ്യാലയം സ്‌കില്‍ ഡെവലപ്മെന്റ് സെന്ററായി വികസിപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗുണമേന്മയുള്ള നൈപുണി വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കികൊണ്ട് തൊഴില്‍ വൈദഗ്ധ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കുക എന്നതാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ഓരോ പ്രദേശത്തിന്റെയും തൊഴില്‍ സാധ്യതകള്‍ക്കനുസരിച്ചുള്ള രണ്ട് കോഴ്സുകളാണ് (ജോബ് റോളുകള്‍) ഓരോ സ്‌കില്‍ ഡവലപ്മെന്റ് സെന്ററിലും നടപ്പിലാക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന കോഴ്സുകള്‍ക്കാവശ്യമായ ലാബുകളൊരുക്കാനും മറ്റു ചെലവുകള്‍ക്കുമായി ഒരു സ്‌കൂളിന് 21.5 ലക്ഷം രൂപ വീതം 16 സെന്ററുകള്‍ക്കായി 3.44 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടും തൊഴില്‍ വൈദഗ്ധ്യം ലഭിക്കാത്തവര്‍, ഔട്ട് ഓഫ് സ്‌കൂള്‍ കുട്ടികള്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, ആദിവാസി-തീരദേശ-തോട്ടം മേഖലയിലെ കുട്ടികള്‍, അതിഥി തൊഴിലാളികളുടെ കുട്ടികള്‍, സ്‌കോള്‍ കേരളയില്‍ രജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ എന്നിവര്‍ക്ക് പ്രാധാന്യം നല്‍കി കൊണ്ടാണ് കേന്ദ്രങ്ങളില്‍ കോഴ്സുകള്‍ നടപ്പിലാക്കുക. നാഷണല്‍ ക്വാളിഫിക്കേഷന്‍ രജിസ്റ്ററില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള എന്‍.എസ്.ക്യു.എഫ്. ജോബ് റോളുകളാണ് ഓരോ നൈപുണി വികസന കേന്ദ്രത്തിലും ആരംഭിക്കുക. അവധി ദിവസങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് 300 മുതല്‍ 400 വരെ മണിക്കൂറുകള്‍ ദൈര്‍ഘ്യമുള്ള കോഴ്സുകള്‍ നടത്തുക. സ്‌കൂള്‍ പഠനകാലത്തിന് ശേഷവും 21 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റും പ്ലെയ്സ്മെന്റും നല്‍കും വിധത്തിലാണ് പദ്ധതി.
നൈപുണി വികസന കേന്ദ്രങ്ങളായി തെരഞ്ഞെടുത്ത വിദ്യാലയങ്ങളിലെ അധികൃതര്‍, ജനപ്രതിനിധികള്‍, പി.ടി.എ. ഭാരവാഹികള്‍, എന്നിവര്‍ പ്രാഥമികമായി യോഗം ചേര്‍ന്ന് പ്രാദേശികമായി തൊഴില്‍ സാധ്യതയുള്ള അഞ്ച് ജോബ് റോളുകള്‍ (നാഷണല്‍ ക്വാളിഫിക്കേഷന്‍ രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുള്ള) മുന്‍ഗണനാ ക്രമത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബര്‍ 28ന് കലക്ടറേറ്റില്‍ ചേരുന്ന ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും യോഗത്തില്‍ ലിസ്റ്റ് ചെയ്ത അഞ്ച് ജോബ് റോളുകളില്‍ നിന്ന് രണ്ടെണ്ണം തിരഞ്ഞെടുക്കുകയും സര്‍ക്കാറിന് സമര്‍പ്പിക്കുകയും ചെയ്യും.