കോഴിക്കോട്: ക്ഷീരസഹകരണ സംഘം സൊസൈറ്റിയില്‍ എത്തിച്ച പാല് അളന്നെടുക്കാത്തതിന്റെ പേരില്‍ സംഘര്‍ഷം. സംഭവവുമായി ബന്ധപ്പെട്ട് ആറു പേര് അറസ്റ്റിലായി. കോഴിക്കോട് ജില്ലയിലെ നന്മണ്ട പന്ത്രണ്ടിലെ പുറ്റാരങ്കോട്ടുമ്മല് ഷൈജു എത്തിച്ച പാല് സമയം കഴിഞ്ഞെന്നതിന്റെ പേരില്‍ അളെന്നുടുക്കാന് സൊസൈറ്റി ജീവനക്കാര്‍ തയാറായില്ല. ഇതിനെതുടര്‍ന്ന് 15 ലിറ്ററോളം പാല് ഷൈജു ഒഴുക്കികളഞ്ഞു. രണ്ടാംദിവസവും പാല് അളക്കാതായതോടെ സൗജന്യമായി വിതരണം നടത്തിയാണ് ഷൈജു പ്രതിഷേധിച്ചത്. പ്രശ്നം പൊലീസ് ഇടപെട്ട് പരഹരിച്ചിരുന്നു. എന്നാല്‍ പിന്നീട് ഷൈജുവിന്റെ വീട്ടുകാര്‍ക്കും മറ്റും നേരെ സി.പി.എം പ്രവര്‍ത്തകരും ഡി.വൈ.എഫ്.ഐ നേതാക്കളും ഭീഷണി മുഴക്കിയെന്നാണ് പരാതി. ഷൈജുവിന്റെയും സഹോദരന്റെയും കടകളില്‍ പാര്ട്ടിക്കാര് അതിക്രമിച്ചു കടന്ന് ആക്രമണം നടത്തിയതായും പറയുന്നു.ഷൈജു,സഹോദരന് മനോജ് എന്നിവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
പാല് എടുക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിച്ചതാണെന്നും പിന്നീടുള്ള കാര്യങ്ങള്‍ അറിയില്ലെന്നും സൊസൈറ്റി പ്രസിഡന്റ് പി. ശ്രീനിവാസന് പറഞ്ഞു. സി.പി.എം പ്രവര്‍ത്തകര്‍ക്കുനേരെ അക്രമം നടന്നതായും പരാതിയുണ്ട്. ടി.പി പ്രശാന്ത്, അരോഷ്, പ്രജിത്ത്കുമാര്‍ എന്നീ സി.പി.എം പ്രവര്‍ത്തകരും ആശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറു പേരെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. വി.ആര് ദീപക്, ടി.പി പ്രശാന്ത്, ബൈജു, ഷിബില്കുമാര്, പ്രജീത്കുമാര്, വൈശാഖ് എന്നിവരാണ് അറസ്റ്റിലായത്.