കോഴിക്കോട്: ഹൈലൈറ്റ് മാളില്‍ ഇന്നലെ ഒരു സിനിമാ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിക്കിടയില്‍ സിനിമാ നടികളെ ക്രൂരമായ വിധത്തില്‍ കയ്യേറ്റം ചെയ്ത സംഭവത്തെ വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി അപലപിച്ചു. ഇത്തരം വാര്‍ത്ത വളരെയേറെ ആശങ്ക ഉണ്ടാക്കുന്നതും തീര്‍ത്തും അപലപനീയമാണെന്നും സംഭവത്തില്‍ അടിയന്തരമായി പൊലീസ് ഇടപെട്ട് അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരായി നടപടി സ്വീകരിക്കണമെന്നും സതീദേവി ആവശ്യപ്പെട്ടു. ആള്‍ക്കൂട്ടത്തിനിടയില്‍ സ്ത്രീകളെ ആക്രമിക്കുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത് തീര്‍ച്ചയായും കേരളീയ സമൂഹം വളരെ കരുതലോടെ കാണേണ്ടത് തന്നെയാണ്. ഇത്തരം പരിപാടികള്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് സംരക്ഷണം കൊടുക്കുന്നതിന് ആവശ്യമായിട്ടുള്ള നടപടികള്‍ സംഘാടകരുടെ ഭാഗത്തുനിന്നുണ്ടാവേണ്ടതായിട്ടുണ്ട്.
സാറ്റര്‍ഡേ നൈറ്റ് എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് ഹൈലൈറ്റ് മാളില്‍ പരിപാടി സംഘടിപ്പിച്ചത്. വൈകുന്നേരം ഏഴിനാണ് നടിമാരും സഹപ്രവര്‍ത്തകരും എത്തിയത്. ഒമ്പത് മണിയോടെ പരിപാടി അവസാനിച്ച് തിരിച്ചുപോകുമ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ നടിയെ കയറി പിടിച്ചു. ജനങ്ങള്‍ തിങ്ങികൂടിയതിനാല് മാളിന്റെ പിന്‍വശത്തെ ഗേറ്റ് വഴിയാണ് നാടിമാരും കൂടെയുള്ളവരും മടങ്ങിയത്. അപ്പോള്‍ വരാന്തയില്‍ നിന്നാണ് കയ്യേറ്റം ഉണ്ടായത്. കയ്യേറ്റം ചെയ്ത യുവാവിനെ നടി കരണത്തടിച്ചതായും പറയുന്നു. ഹൈലൈറ്റ് മാളില്‍ ഇത്തരം സിനിമാപ്രചാരണം നടക്കാറുണ്ടെങ്കിലും അധികൃതര്‍ വിവരം അറിയിക്കാറില്ലെന്നാണ് പൊലീസ് പറയുന്നത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടപടിക്ക് ഒരുങ്ങുകയാണ് പൊലീസ്.