കാസര്‍കോട്:കാട്ടാനകളെ തുരത്താന്‍ വയനാട് ബത്തേരിയില്‍ നിന്നെത്തിയ ആര്‍ആര്‍ടി വെറ്ററിനറി ടീം അംഗങ്ങള്‍ സഹപ്രവര്‍ത്തകനായ കോഴിക്കോട് മുക്കം സ്വദേശി ടി.കെ.ഹുസൈന്റെ മരണവിവരം അറിഞ്ഞതിനെത്തുടര്‍ന്ന് മടങ്ങി.
ഒമ്പത് വര്‍ഷമായി സംഘത്തിലുള്ള ഹുസൈന്റെ സാന്നിധ്യം തന്നെ തങ്ങള്‍ക്കു ധൈര്യം ആയിരുന്നുവെന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ രാഘവന്‍ പറഞ്ഞു. ഏതു അപകട ഘട്ടത്തിലും കൂടെയുള്ളവരെ കൈവിടാത്ത ആളായിരുന്നു ഹുസൈന്‍ എന്നും സംഘത്തിലുള്ളവര്‍ ഓര്‍മിക്കുന്നു. കഴിഞ്ഞ നാലിന് തൃശൂര്‍ പാലപ്പിള്ളിയില്‍ കാട്ടാനകളെ തുരത്തുന്നിതിനിടയിലാണ് ഹുസൈനു നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ബത്തേരി ആര്‍ആര്‍ടി വെറ്ററിനറി ടീമിലെ വാച്ചറായിരുന്നു.
കുങ്കിയാനകളായ വിക്രം, ഭരത് എന്നവയുടെ സഹായത്തോടെ ആയിരുന്നു ഓപ്പറേഷന്‍. കാട്ടിലേക്കു കയറിയ ഒറ്റയാന്‍ തിരിച്ചുവന്ന് ആക്രമിക്കുകയായിരുന്നു. തുമ്പിക്കൈ കൊണ്ടു ഇടിച്ചിട്ട ശേഷം നിലത്തുകൂടി വലിച്ചിഴയ്ക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ് തൃശൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് എറണാകുളത്തേക്കു മാറ്റിയിരുന്നു.ഹുസൈനൊപ്പം അപകട സമയത്ത് ഉണ്ടായിരുന്ന വാച്ചര്‍ എം.ദിനേശനും കാസര്‍കോട്ട് എത്തിയ സംഘത്തില്‍ ഉണ്ടായിരുന്നു. എം.കെ.ഹരീന്ദ്രന്‍, എം.ഒ.ഗോപാലന്‍, വി.രാജന്‍, ഡ്രൈവര്‍ റഷീദ് എന്നിവരായിരുന്നു ദൗത്യത്തിനു എത്തിയ മറ്റുള്ളവര്‍.