കാസര്‍കോട്:കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്കുള്ള ഒറ്റത്തവണ സഹായത്തിന് അപേക്ഷിക്കുന്നതിലും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ക്കുള്ള ഇശ്രം റജിസ്‌ട്രേഷനിലും ജില്ലയിലെ ഗുണഭോക്താക്കള്‍ക്ക് വൈമുഖ്യം എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
കോവിഡ്19 ബാധിച്ചു മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 50,000 രൂപ ഒറ്റത്തവണയായി സര്‍ക്കാര്‍ നല്‍കും.
ജില്ലയില്‍ 942 കോവിഡ് മരണങ്ങള്‍ സംഭവിച്ചതായാണ് സര്‍ക്കാര്‍ കണക്ക്.വയനാട് കഴിഞ്ഞാല്‍(707) ഏറ്റവും കുറവാണിത്.ഇതര സംസ്ഥാനങ്ങളില്‍ ചികിത്സ തേടിയതിനാല്‍ മരണ രേഖയില്‍ പെടാത്തവര്‍ നിരവധിയുണ്ട്.
എന്നാല്‍ ഒറ്റത്തവണ സഹായം തേടിയുള്ള 400ല്‍ താഴെ അപേക്ഷകള്‍ മാത്രമാണ് ഇതുവരെ കളക്ടറേറ്റില്‍ ബന്ധപ്പെട്ട വിഭാഗത്തില്‍ ലഭിച്ചത്.
അസംഘടിത തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള ഇശ്രം രജിസ്‌ട്രേഷന്‍ നടത്തിയത് പകുതി പേര്‍ മാത്രമാണ്.. ഇശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഭാവിയില്‍ വിവിധ സാമൂഹ്യസുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭിക്കും. 16 മുതല്‍ 59 വയസു വരെയുള്ള ഇന്‍കം ടാക്‌സ് അടക്കാന്‍ ബാധ്യതയില്ലാത്ത പി.എഫ്./ഇ.എസ്.ഐ. ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരല്ലാത്ത അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും റജിസ്റ്റര്‍ ചെയ്യാവുന്ന പദ്ധതിയാണിത്.