തിരുവനന്തപുരം : സിപിഎം സംസ്ഥാന സമിതിയില്‍ ചില മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനം ഉണ്ടായെന്ന വാദം ശരിയല്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ ഇടത് സര്‍ക്കാരിന്റെ ഭരണം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകളാണ് സംസ്ഥാന സമിതിയില്‍ നടന്നതെന്നും മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനമെന്ന പേരില്‍ വരുന്നത് തെറ്റായ വിവരങ്ങളാണെന്നും റിയാസ് പറഞ്ഞു.ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് കൊണ്ട് ആര്‍ക്കെങ്കിലും സന്തോഷം കിട്ടുമെങ്കില്‍ ആയിക്കോട്ടെയെന്നും റിയാസ് കോഴിക്കോട്ട് പറഞ്ഞു.
സര്‍ക്കാരിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സമിതി യോഗം ചേര്‍ന്ന് വിശകലനം ചെയ്തിരുന്നു. നേതൃയോഗത്തില്‍ ഉദ്യോഗസ്ഥ ഭരണവും, പൊലീസ് വീഴ്ച ആവര്‍ത്തിക്കുന്നതും പ്രധാന പ്രശ്നമായി വിലയിരുത്തിയെന്നും മാധ്യമവാര്‍ത്തകള്‍ പുറത്തുവന്നിരുന്നു .തദ്ദേശ ആരോഗ്യ പൊതുമരാമത്ത് വകുപ്പുകള്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് ആരോപണങ്ങളുണ്ടായതും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.