…ബാഡ്മിന്റണ്‍ കളിച്ച് പ്രോത്സാഹനവുമായി റവന്യൂ മന്ത്രി
തൃശൂര്‍ : സംസ്ഥാന റവന്യൂ കായികോത്സവത്തിന് ബാഡ്മിന്റണ്‍ മത്സരത്തോടെ വി കെ എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കം. കായിക താരങ്ങള്‍ക്ക് ആവേശം പകര്‍ന്ന് റവന്യൂമന്ത്രി കെ രാജന്‍ കായികോത്സവ വേദി സന്ദര്‍ശിച്ചു. ബാഡ്മിന്റണ്‍ കളിച്ച് പ്രോത്സാഹനവുമായി റവന്യൂ മന്ത്രി ഉദ്യോഗസ്ഥര്‍ക്കൊപ്പം ചേര്‍ന്നപ്പോള്‍ എല്ലാവര്‍ക്കും ആവേശമായി.
പല സാഹചര്യ സമ്മര്‍ദ്ദങ്ങളിലൂടെയും കടന്നുപോകുന്ന റവന്യൂ വകുപ്പ് ജീവനക്കാരുടെ കലാ കായിക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും അവര്‍ക്ക് കരുത്ത് പകരലുമാണ് റവന്യൂ കലോത്സവം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഔദ്യോഗിക കൃത്യനിര്‍വഹണ പ്രതിസന്ധികള്‍ക്കിടയില്‍ തകര്‍ന്നു പോകേണ്ടവരല്ല ഉദ്യോഗസ്ഥര്‍ എന്ന് തെളിയിക്കാന്‍ കഴിഞ്ഞകാല റവന്യൂ കലോത്സവ അനുഭവങ്ങളിലൂടെ സാധിച്ചെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന റവന്യൂ കായികോത്സവത്തിന്റെ ഭാഗമായി രണ്ടു ദിവസങ്ങളിലായി നടക്കുന്ന കായിക മത്സരങ്ങളില്‍ ക്രിക്കറ്റ് (നേതാജി ഗ്രൗണ്ട്, അരണാട്ടുകര), ഷട്ടില്‍ ബാഡ്മിന്റണ്‍- പുരുഷ സിംഗിള്‍സ്, ഷട്ടില്‍ ബാഡ്മിന്റണ്‍- വിമണ്‍ സിംഗിള്‍സ്, ഷട്ടില്‍ ബാഡ്മിന്റണ്‍- വുമണ്‍ ഡബിള്‍സ്, ഷട്ടില്‍ ബാഡ്മിന്റണ്‍- മിക്‌സഡ് ഡബിള്‍സ് (വി കെ എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം),
ആം റസ്ലിംഗ് (അക്വാറ്റിക് കോംപ്ലക്‌സ് ) എന്നിവയാണ് നടക്കുന്നത്.
അത്ലറ്റിക്‌സ് മത്സരങ്ങള്‍ മെയ് 21ന് ഗവ.എന്‍ജിനീയറിംഗ് കോളേജിലും 20, 21, 22 തീയതികളിലായി ഫുട്‌ബോള്‍ മത്സരങ്ങള്‍ കോര്‍പ്പറേഷന്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലും നടക്കും. വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് 14 ടീമുകളും ഹെഡ്ക്വാര്‍ട്ടേഴ്‌സിനെ പ്രതിനിധീകരിച്ച് ഒരു ടീമും ഉള്‍പ്പെടെ 15 ടീമുകളാണ്
സംസ്ഥാന കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.
വി കെ എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ യു എ ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായിരുന്ന ഹിസ് ഹൈനസ് ഷെയ്ക്ക് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ മൗനപ്രാര്‍ത്ഥന നടത്തി. കായിക വകുപ്പ് ഡയറക്ടര്‍ ഡോ.ജെറോമിക് ജോര്‍ജ്, ലാന്‍ഡ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണര്‍ ബീന പി ആനന്ദ്, ഹുസൂര്‍ ശിരസ്തദാര്‍ പ്രാണ്‍സിംഗ്, സ്‌പോര്‍ട്‌സ് ഓഫീസര്‍ സൈമണ്‍ എം വി, സ്‌പോര്‍ട്‌സ് സെക്രട്ടറി ദിദിക സി, റവന്യൂ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.