കൊച്ചി:നടന്‍ ശ്രീനാഥ് ഭാസി അഭിമുഖത്തിനിടെ അപമാനിച്ചെന്ന പരാതി ഓണ്‍ലൈന്‍ മാധ്യമ അവതാരക പിന്‍വലിക്കും. പരാതി പിന്‍വലിക്കുകയാണെന്നു കാട്ടി കോടതിക്കു നല്‍കാനുള്ള അവതാരകയുടെ ഹര്‍ജി ഒപ്പിട്ടു നല്‍കി. സിനിമാ നിര്‍മാതാക്കളുടെ സംഘടന ഇരുവരെയും വിളിച്ചു നടത്തിയ ചര്‍ച്ചയില്‍ ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തിയതിനെ തുടര്‍ന്നാണ് പരാതി പിന്‍വലിക്കുന്നത്.
പരാതിക്കാരിയോടും കുടുംബത്തോടും മാധ്യമസ്ഥാപനത്തിലെ മറ്റു ജീവനക്കാരോടും മാപ്പപേക്ഷ നടത്തിയ സാഹചര്യത്തില്‍ പരാതിയുമായി മുന്നോട്ടു പോകില്ല എന്ന് അറിയിച്ചിട്ടുള്ളതായി ശ്രീനാഥ് ഭാസിയുടെ അഭിഭാഷകനും അറിയിച്ചിട്ടുണ്ട്. ഇതിനായി ഹൈക്കോടതിയില്‍ സത്യവാങ്മൂലവും വക്കാലത്തും ഒപ്പിട്ടു നല്‍കിയിട്ടുള്ളതായി അദ്ദേഹം വെളിപ്പെടുത്തി.
കഴിഞ്ഞ 21ന് ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച അഭിമുഖത്തില്‍ ശ്രീനാഥ് ഭാസി മോശമായി സംസാരിച്ചെന്നായിരുന്നു പരാതി. എറണാകുളം മരട് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. സ്റ്റേഷനില്‍ ഹാജരായ ശ്രീനാഥ് ഭാസിയെ അറസ്റ്റു ചെയ്തു പൊലീസ് ജാമ്യത്തില്‍ വിട്ടയച്ചു. തുടര്‍ന്ന് സിനിമാ നിര്‍മാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിയെ വിളിച്ചു വരുത്തി വിശദീകരണം തേടുകയും പരാതിക്കാരിയുമായി സംസാരിക്കുകയും ചെയ്തിരുന്നു.
പരാതിക്കാരിയോട് നേരിട്ടു സംസാരിക്കുന്നതിനും ക്ഷമാപണം നടത്തുന്നതിനും ശ്രീനാഥിന് സംഘടന അവസരം ഒരുക്കി നല്‍കിയതിനെ തുടര്‍ന്നാണ് യുവതി പരാതി പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഇത്തരത്തില്‍ അഭിമുഖം എടുക്കുന്നവരെ തുടര്‍ച്ചയായി നടന്‍ അപമാനിച്ചിട്ടുള്ളതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ അഭിമുഖ സമയത്ത് നടന്‍ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് അറിയുന്നതിനായി പൊലീസ് നടന്റെ മുടിയും നഖവും ശേഖരിച്ച് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അവതാരക പരാതി പിന്‍വലിച്ചാലും പൊലീസ് നടനെതിരെ ചുമത്തിയിട്ടുള്ള സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമത്തിന്റെ വകുപ്പുകള്‍ നിലനില്‍ക്കുമെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. കേസില്‍ ഉത്തരവാദിത്തം സര്‍ക്കാരിനാണ് എന്നതിനാല്‍ ഹൈക്കോടതി നിലപാട് നിര്‍ണായകമാകും.