അഷ്‌കര്‍ ഒ.സി
പ്രേമത്തിന് കണ്ണില്ല എന്ന് ഉദാത്തമായി ഒരാള്‍ പ്രഖ്യാപിക്കുമ്പോള്‍ നിശ്ശബ്ദമായി ഉയരുന്ന മറ്റൊരു ചോദ്യമുണ്ട്, അപ്പോള്‍ കണ്ണുള്ളവരെന്ത് ചെയ്യും? അവര്‍ പ്രേമത്തിനു വേണ്ടി സ്വന്തം കണ്ണുകള്‍ ബലി നല്‍കേണ്ടി വരുമോ? എത്ര ക്രൂരമായ ചോദ്യം, അല്ലേ? ഇത്തരമൊരു ആശയക്കുഴപ്പത്തിന്റെ പ്രഹരമേല്‍ക്കാതെ ശരീരത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചും സൗന്ദര്യശാസ്ത്രത്തെക്കുറിച്ചും സംവദിക്കാന്‍ സാധിക്കുകയില്ല. അതൊരു സാര്‍വ്വദേശീയ പ്രതിസന്ധിയാണ്. അവിടെ സമൂഹം പ്രതിനിധാനം ചെയ്യുന്ന സൗന്ദര്യബോധത്തില്‍ ഓരോ വ്യക്തിയും അറിഞ്ഞും അറിയാതെയും വ്യത്യസ്ത തലങ്ങളില്‍ ഇരയാക്കപ്പൈടുകയോ മറ്റുള്ളവരെ വേട്ടയാടുകയോ ചെയ്യുന്നത് സ്വാഭാവികം മാത്രം. കറുത്തവന്‍- വെളുത്തവന്‍, മെലിഞ്ഞവന്‍-പൊണ്ണത്തടിയന്‍, ഉയരമുള്ളവന്‍- ഉയരം കുറഞ്ഞവന്‍……അങ്ങനെ താരതമ്യ വൈകല്യങ്ങള്‍ നിരവധിയുണ്ടായിരിക്കും. എന്നാല്‍ പൊളിറ്റിക്കല്‍ കറക്റ്റനസ് എന്നത് കലാകാരനെ സംബന്ധിച്ച് ഒരു ഭാരിച്ച ഉത്തരവാദിത്തമാണോ, അല്ലയോ എന്ന തര്‍ക്കം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അതോടൊപ്പം തന്നെ കല അതിന്റെ സഞ്ചാരം ഇന്നും തുടരുന്നു.

ഇന്ദ്രന്‍സ് എന്ന നടന്റെ അഭിനയ ജീവിതത്തിലൂടെ കടന്നു പോകുമ്പോള്‍ അത്തരം ഒരു സ്വത്വപ്രതിസന്ധിയെ നിസ്സംഗതയോടെ മറികടന്ന ധീരനായ ഒരു അഭിനേതാവിനെ കണ്ടുമുട്ടാന്‍ കഴിയും. അദ്ദേഹം സിനിമയിലും ജീവിതത്തിലും ഇരയോ വേട്ടക്കാരനോ അല്ല, വാദിയോ പ്രതിയോ അല്ല, കലയില്‍ തന്റെ ശരീരം ഒരു മുതല്‍മുടക്കാണെന്ന് തിരിച്ചറിഞ്ഞിട്ടും അതങ്ങനെ വിട്ടുകൊടുക്കുകയായിരുന്നു. മാര്‍ക്കറ്റ് ആവശ്യപ്പടുന്ന തമാശകള്‍ക്ക് വേണ്ടി നിസ്സംശയം വേഷപ്പകര്‍ച്ചകള്‍ നടത്തിയ ഇന്ദ്രന്‍സിനെ കാണികള്‍ മടുക്കുന്നതു വരെ പരിഹസിച്ചു. ഒരാളുടെ ശരീരത്തിന്റെ വൈകല്യം ഇങ്ങനെയല്ലാതെ പിന്നെങ്ങനെ ആഘോഷിക്കും എന്ന ചോദ്യം കാണികള്‍ക്കും നടനുമിടയില്‍ ധാര്‍മ്മികതയുടെ പൊള്ളലേല്‍ക്കാതെ സുരക്ഷിതമായി കിടന്നു. ആ ചോദ്യം, അതൊരു പക്ഷേ നടന്റെ തന്നെ ചുട്ടുപൊള്ളുന്ന ആത്മാവായിരിക്കാം, അല്ലെങ്കില്‍ ഒരാശയമായിരിക്കാം. ക്രിസ്റ്റഫര്‍നോളന്‍ സംവിധാനം ചെയ്ത ഇന്‍സെപ്ഷന്‍ എന്ന സിനിമയില്‍ നായകനായ ഡികാപ്രിയോയുടെ കഥാപാത്രം പറയുന്നത് പോലെ, ഒരു ആശയം എന്നാല്‍ വൈറസിനെ പോലെയാണ്. അത് ഒരിക്കല്‍ മുളച്ചാല്‍ പിന്നെ കരിയുകയില്ല, ഉപബോധ മനസ്സിലെങ്കിലും അത് സുരക്ഷിതമായിരിക്കും. ഒന്നുകില്‍ അത് നിങ്ങളെതന്നെ തകര്‍ക്കും അല്ലെങ്കില്‍ അവസാനമെങ്കിലും നിങ്ങള്‍ക്കതിനെ വ്യാഖ്യാനിക്കാന്‍ സാധിക്കും.അത് പോലെ, ഇന്ദ്രന്‍സ് എന്ന നടന്റെ, മനുഷ്യന്റെ മെലിഞ്ഞ ശരീരത്തിന്റെ ബലഹീനത പകര്‍ന്നിരുന്ന തമാശയുടെ കോരിത്തരിപ്പ് പതുക്കെ പതുക്കെ കാണികള്‍ക്ക് മടുത്തു തുടങ്ങി.കാലത്തിനും അതൊരു ദഹിക്കാത്ത അപ്പം പോലെ അലോസരമുണ്ടാക്കി, അങ്ങനെ കഥാപാത്രങ്ങള്‍ മാറി, ശരീരത്തിനപ്പുറം കണ്ണുകള്‍ സംസാരിക്കാന്‍ തുടങ്ങി, ഒരു മനുഷ്യന്റെ മുഖം തെളിഞ്ഞു തെളിഞ്ഞു വന്നു. അത് എല്ലാവരും കരുതുന്നത് പോലെ അത്രകണ്ട് യാദൃശ്ചികമായിരുന്നോ.?
സിനിമാ സാക്ഷരത എന്നാല്‍ എന്താണെന്ന് ചെറിയവാക്കുകളില്‍ നിര്‍വ്വചിക്കാന്‍ പറ്റുന്ന ഒന്നല്ല. ഒരേയൊരു മാനദണ്ഡം മാത്രം അതിനായി സ്വീകരിക്കുന്നതും ഉചിതമായിരിക്കുകയില്ല. ആധുനിക മനുഷ്യന്റെ ശക്തമായ ഒരു മാധ്യമമായി സിനിമ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. ഇരുട്ടും വെളിച്ചവും, ദൃശ്യവും ശബ്ദവും എല്ലാം ഇഴുകിച്ചേരുന്ന സിനിമയില്‍ നടനും ഒരു ഉപകരണമാണ്.സിനിമക്കുള്ളിലും സിനിമക്ക് പുറത്തുമുള്ള ജീവിതങ്ങള്‍ തമ്മിലുള്ള ആത്മസംഘര്‍ഷങ്ങള്‍ ചിലപ്പോള്‍ കലയും ജീവിതവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഭേദിക്കുന്നത് കാണാന്‍ സാധിക്കും.അത് കൊണ്ടാണ് ഇന്ദ്രന്‍സ് എന്ന നടന്റെ ട്രാന്‍സ്ഫോമേഷന്‍ കേവലം യാദൃശ്ചികതയല്ല എന്ന് പറയുന്നത്. സൂക്ഷമമായി പരിശോധിക്കുകയാണെങ്കില്‍ ബോഡിഷെയിമിങ് എന്ന ഇംഗ്ലീഷ് പ്രയോഗം എന്ന് മുതലാണ് മലയാളികള്‍ തങ്ങളുടെ സാമൂഹിക വ്യവഹാരത്തിന്റെ ലിംഗ്വിസ്റ്റിക് പാറ്റേണില്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങിയത്. മാത്രമല്ല പരിഷ്‌കൃത സമൂഹത്തില്‍ അതൊരു ക്രിമിനല്‍ ഒഫന്‍സാണ്. അപ്പോള്‍, അന്നത്തെ അവഹേളനപരമായ തമാശകള്‍ കണ്ട് ചിരിച്ചവര്‍ ഇന്നും അതേ തമാശകള്‍ നിഷ്‌ക്കളങ്കതയുടെ പേരില്‍ ആസ്വദിക്കാന്‍ പറ്റുന്ന മനോനിലയില്‍ തന്നെയാണോ ഉള്ളത് എന്ന് ചോദിച്ചാല്‍ എന്തായിരിക്കും ഓരോരുത്തരുടെയും മറുപടി.
ജീവിത സാഹചര്യം കണക്കിലെടുക്കുമ്പോള്‍, തികച്ചും സാധാരണക്കാരനായ ഒരാള്‍ക്ക് അന്നത്തെ കാലത്ത് സിനിമയില്‍ ഇ്രേതയറെ അവസരങ്ങള്‍ ലഭിക്കുക എന്നത് രാഷ്ട്രീയ ശരി അന്വേഷിക്കുന്നവര്‍ക്ക് സംതൃപ്തി നല്‍കുന്ന കാര്യമായിരിക്കും. എന്നാല്‍ കലയും സൗന്ദര്യശാസ്ത്രവും അതിന്റെ പൂര്‍ണ്ണതയും ആലോചനാവിഷയമായി കൈകാര്യം ചെയ്യുന്നവര്‍ക്ക് അതത്ര തൃപ്തികരമായിരിക്കണമെന്നില്ല.ഇതേ പ്രതിസന്ധി നടനെന്ന നിലയിലും ഒരു മനുഷ്യനെന്ന നിലയിലും താന്‍ അഭിമുഖീകരിച്ചിട്ടടുണ്ടെന്ന് ഇന്ദ്രന്‍സ് പല ഇന്റര്‍വ്യൂകളിലും തുറന്ന് പറഞ്ഞിട്ടുണ്ട്. നേരിട്ടുള്ള പരിഹാസങ്ങളെ പക്വമായ എന്നാല്‍ നിഗൂഢമായ ആതമവിശ്വാസത്തോടെ അയാള്‍ നേരിട്ടു. ആരോടും ഒരു പരിഭവവും പങ്കുവെക്കാതെ തന്നെ. ഇന്ദ്രന്‍സ് വെറുമൊരു സിനിമാമോഹി മാത്രമായിരുന്നില്ല, നാടകം എന്ന മാധ്യമത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നടനെന്ന നിലക്ക് അഭിനയത്തെക്കുറിച്ച് സ്വന്തമായ കാഴ്ച്ചപ്പാടുള്ള കലാകാരനായിരുന്നു. അത് കൊണ്ടാണ് പതിവ് കോമാളി വേഷങ്ങളില്‍ നിന്ന് മാറി ആത്മാവുള്ള കഥാപാത്രങ്ങള്‍ കിട്ടിയപ്പോള്‍ തന്നെ തന്നെ പൊളിച്ചെഴുതാന്‍ സാധിച്ചത്. അടുര്‍ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത നിഴല്‍ക്കുത്ത്, ഒരു പെണ്ണും രണ്ടാണും, ടി വി ചന്ദ്രന്‍ സംവിധാനം ചെയ്ത കഥാവശേഷന്‍ , മനു സംവിധാനം ചെയ്ത മണ്‍റോ തുരുത്ത്, ഷെറിയുടെ ആദ്യമദ്ധ്യാന്തം, മാധവ് രാമദാസിന്റെ അപ്പോത്തിക്കിരി, ഡോ. ബിജുവിന്റെ വെയില്‍മരങ്ങള്‍ തുടങ്ങിയ സിനിമകള്‍ ഇന്ദ്രന്‍സ് എന്ന നടനും മനുഷ്യനും വ്യക്തിത്വം എന്നൊന്നുണ്ട് എന്ന് വെളിപ്പെടുത്തുന്ന കഥാപാത്രങ്ങളായിരുന്നു. ഈ സിനിമകളൊന്നും തന്നെ മുഖ്യധാരാ പ്രേക്ഷകര്‍ കണ്ടു വിലയിരുത്തിയിരുന്ന സിനിമകളല്ല. വളരെ കുറച്ചു പ്രേക്ഷകര്‍ മാത്രം കാണുകയും , ഏതാനും നിരൂപകര്‍ മാത്രം പ്രശംസിക്കുകയും ചെയ്യുന്ന തരം സിനിമകളായിരുന്നു. പതുക്കെ പതുക്കെ ഇന്ദ്രന്‍സിന്റെ വേഷപ്പകര്‍ച്ചകള്‍ കൊമേഴ്ഷ്യല്‍ സിനിമകളിലേക്കും കടന്നു വന്നു. പ്രേക്ഷകര്‍ ഇന്ദ്രന്‍സ് എന്ന കോമാളിയെ ഒരു അഭിനേതാവായി കാണാന്‍ തുടങ്ങി. സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന സിനിമയില്‍ നെഗറ്റീവ് ഷെയിഡുള്ള വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിച്ചത്. സിനിമ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഇന്ദ്രന്‍സ് എന്ന ഉപയോഗിച്ചുള്ള ധീരമായ ഒരു പരീക്ഷണം തന്നെയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ റോജിന്‍ തോമസിന്റെ ഹോം എന്ന സിനിമയിലെ ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രം അതുവരെ ഉണ്ടായിരുന്ന എല്ലാ മുന്‍വിധികളെയും തകര്‍ക്കുന്ന കഥാപാത്രമായിരുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ സിനിമ പരിഗണിക്കപ്പെടാതെ പോയ വിവാദത്തോട് സിനിമയും ഇന്ദ്രന്‍സ് എന്ന നടനും ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടേയിരിക്കുന്നു.
മലയാള സിനിമയിലും പ്രേക്ഷകരിലും വന്ന മാറ്റങ്ങള്‍ സിനിമാ വ്യവസായത്തെ തന്നെ മാറ്റാന്‍ തുടങ്ങി. അവാര്‍ഡ് സിനിമകള്‍ അല്ലാത്ത സിനിമകള്‍ എന്ന വ്യത്യാസമില്ലാതായി. സിനിമകളും സംവിധായകരും നടന്‍മാരും എല്ലാവരും സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയരാകാന്‍ തുടങ്ങി. ഐ എഫ് കെ കെ പോലുള്ള ഫെസ്റ്റിവലുകളും നിരവധി പ്രതിഭകള്‍ നിറഞ്ഞ സിനിമാ ചരിത്രവുമുള്ള മലയാള സിനിമാ മേഖലയില്‍ അത്രയെങ്കിലും സംഭവിക്കാതിരിക്കില്ലല്ലോ… പറഞ്ഞു വരുന്നത് ഇന്ദ്രന്‍സ് എന്ന നടന്റെ അതിജീവനം എന്നത് സമൂഹത്തിലും സിനിമ എന്ന ശക്തമായ മാധ്യമത്തിലും നടന്നു കൊണ്ടിരിക്കുന്ന പുതിയ പുതിയ പ്രവണതകളുടെ കൂടി ഫലമായിട്ടാണ്. ഇന്നും അത്തരം തമാശകളുടെ ഭാരം പേറുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ വരെ ഇറങ്ങുന്നുണ്ടെങ്കിലും പല സിനിമാ സംവിധായകരും ഇത്തരം കാര്യങ്ങളില്‍ ബോധവാന്‍മാരാണെന്ന് തന്നെ പറയാം.
ഈ അവസരത്തില്‍, തികച്ചും യാദൃശ്ചികം എന്ന് വേണമെങ്കില്‍ പറയാം, ഇന്ദ്രന്‍സിന്റേതായി അവസാനം പുറത്തിറങ്ങിയ സിനിമയുടെ പേര് ഉടല്‍ എന്നാണ്. ആ സിനിമ സംസാരിക്കുന്നതും ശരീരത്തിന്റെ വ്യവഹാരങ്ങളെ കുറിച്ചും, ജയപരാജയങ്ങളെ കുറിച്ചുമാണ്. അവിടെ എല്ലാ മാനദണ്ഡങ്ങളും തെറ്റിക്കുന്ന ഒരു കണ്ണിന് മാത്രം കാഴ്ച ശക്തിയുള്ള വൃദ്ധകഥാപാത്രമായി ഇന്ദ്രന്‍സ് പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെ മുന്‍വിധികള മറികടന്ന മറ്റു പല നടന്‍മാരും പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. ജാഫര്‍ ഇടുക്കി, സലീം കുമാര്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവര്‍.
കുറച്ച് സമയം എടുത്തെങ്കിലും,. ഭരത്‌ഗോപിക്ക് ശേഷം ശരീരം തന്നെ നടനത്തിന്റെ ചാലകമാക്കിയ മറ്റൊരു നടനെക്കൂടി മലയാള സിനിമ കണ്ടനുഭവിച്ചു കൊണ്ടിരിക്കുകയാണ്.