കൊച്ചി: ശബരിമല മാളികപ്പുറം ക്ഷേത്രങ്ങളിലേക്ക് മേല്‍ശാന്തി നിയമനത്തിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികളില്‍ നാളെ ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തും.ശാന്തിക്കാരായ സിജിത്ത് ടി.എല്‍, വിജീഷ് പി.ആര്. എന്നിവര്‍ക്കു വേണ്ടി അഡ്വ. ടി.ആര്. രാജേഷ് നല്കിയ ഹരജിയില്‍ ഭരണഘടനാ വിദഗ്ധന്‍ പ്രഫ. ഡോ. മോഹന്‍ ഗോപാല്‍ നാളെ ഹാജരാകും.
ഇതേ വിഷയത്തില്‍ സി.വി. വിഷ്ണുനാരായണന്‍ നല്കിയ ഹരജിയില്‍ അഡ്വ. ബി.ജി. ഹരീന്ദ്രനാഥും ഹാജരാകും. കേസിലെ കോടതി നടപടികള്‍ ലൈവ് സ്ട്രീമിങ് നടത്തണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ മുമ്പാകെയുണ്ട്.
ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റിസ് പി.ജി. അജിത് കുമാര്‍ എന്നിവരടങ്ങുന്ന രണ്ടംഗ ദേവസ്വം ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്.
മലയാള ബ്രാഹ്മണര്‍ക്കു മാത്രമേ ശബരിമലമാളികപ്പുറം മേല്‍ശാന്തി നിയമനത്തിന് അപേക്ഷിക്കാനാവൂ എന്നാണ് ദേവസ്വം വിജ്ഞാപനത്തില്‍ പറയുന്നത്. ഈ നിബന്ധനയൊഴികെ ദേവസ്വം ആവശ്യപ്പെടുന്ന എല്ലാ യോഗ്യതകളും ഉള്ളവരാണ് ഹരജിക്കാര്‍. ദേവസ്വം നിലപാട് ഇന്ത്യന്‍ ഭരണഘടനയുടെ അനുഛേദം 14, 15 (1) 16 (2) എന്നിവക്കു വിരുദ്ധമാണെന്ന് ഹരജിയില്പറയുന്നു.