കോഴിക്കോട്: സമകാലിക വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കോഴിക്കോടിന്റെ മണ്ണില്‍ ‘യൂ ടേണ്‍, ‘കാവല്‍ ‘ നാടകങ്ങള്‍ അരങ്ങേറി. ഓണാഘോഷത്തോടനുബന്ധിച്ച് ടൗണ്‍ഹാളില്‍ ആണ് പുത്തന്‍ ആശയങ്ങളാല്‍ നാടകങ്ങള്‍ അരങ്ങുവാണത്.
നാടിന്റെ നവോത്ഥാനത്തിനായി നാടകവും നാടകക്കാരനും എന്നും സമൂഹത്തില്‍ നിലനില്ക്കേണ്ട ആവശ്യകതയും തന്റെ മണ്ണിനും കലയ്ക്കും വേണ്ടി ചെറുത്തുനില്ക്കുന്ന നാടകകലാകാരന്റെ ജീവിതവുമാണ് അവതരിപ്പിച്ച യൂ ടേണ്‍ നാടകത്തിന്റെ പ്രമേയം.
മണ്ണിനുവേണ്ടി ശബ്ദിച്ച മറ്റു നാടകങ്ങളിലെ കഥാപാത്രങ്ങള്‍ നാടകത്തിലുടനീളം വന്നുപോകുമ്പോള്‍ അവര്‍ക്ക് നടുവില്‍ നിസ്സഹായനായിരിക്കുന്ന രവിശങ്കര്‍ എന്ന കഥാപാത്രത്തിന്റെ നാടകകലയോടുള്ള അഭിനിവേശവും നഷ്ടത്തെയോര്‍ത്തുള്ള നൊമ്പരവും പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു.
നാടകത്തിനായി സ്വജീവിതം സമര്‍പ്പിച്ച രവിശങ്കര്‍ എന്ന കഥാപാത്രത്തെ കേന്ദ്രബിന്ദുവാക്കിയാണ് നാടകം മുന്നോട്ടു പോകുന്നത്.
പ്രദീപ് കുമാര്‍ കാവുന്തറയുടെ രചനയില്‍ എ രത്നാകരന് സംവിധാനം നിര്‍വഹിച്ച നാടകത്തില്‍ അരങ്ങിലും പിന്നണി യിലുമായി പതിനെട്ടോളം കലകാരന്മാരാണ് പ്രവര്‍ത്തിച്ചത്. കോഴിക്കോട് പതിനഞ്ചു വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന നാടകകലാകാരന്മാരുടെ സ്വാശ്രയകൂട്ടായ്മ ‘ശ്രദ്ധ’യാണ് യു ടേണ്‍ അരങ്ങിലെത്തിച്ചത്.
രണ്ടാമതായി അരങ്ങേറിയ മഷി കമ്മ്യൂണിക്കേഷന്റെ അമേച്വര്‍ നാടകമായ ‘കാവല്‍ ‘ചുവപ്പ് നാടകളില്‍ കുടുങ്ങി അധികാരകേന്ദ്രങ്ങളില്‍ നീതി നിഷേധം നേരിടേണ്ടി വരുന്ന സാധാരണക്കാരുടെ പ്രശ്നങ്ങള്‍ ശക്തവും വ്യത്യസ്തമായ രീതിയില്‍ കാണികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു.
ഒരു നാടക റിഹേഴ്സല്‍ ക്യാമ്പ് പശ്ചാത്തലമാക്കി അവിടെ നടക്കുന്ന ചര്‍ച്ചകളിലൂടെ സാമൂഹിക വിഷയങ്ങള്‍ എല്ലാം നാടകത്തില്‍ വന്നു പോകുമ്പോള്‍ രാജഭരണകാലം മുതല്‍ സാധാരണക്കാരന് എന്നും നീതി നിഷേധിക്കപ്പെട്ടവനായി തുടരുന്നു എന്നു നാടകം ഉദ്ഘോഷിക്കുന്നു.
പ്രമോദ് ദശരഥിന്റെ രചനയില്‍ കെ കെ സന്തോഷ് സംവിധാനം നിര്‍വഹിച്ച നാടകത്തില്‍ പന്ത്രണ്ടോളം കലാകാരന്മാരാണ് അരങ്ങില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.