കോഴിക്കോട്: വിദേശരാജ്യങ്ങളില്‍ ജോലിക്കുള്ള വിസ വാഗ്ദാനം ചെയ്ത് നിരവധി ആളുകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത മലപ്പുറം സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍. മലപ്പുറം തുവ്വൂര്‍ പായിപ്പുല്ല് വള്ളിക്കപറമ്പില്‍ താജുദീന് (31 ), കരുവാരക്കുണ്ട് കുളവന്‍ ഹൗസില്‍ മുഹമ്മദ് ഷഹര്‍ (32)എന്നിവരാണ് പിടിയിലായത്. ഈസ്റ്റ് നടക്കാവിലെ അല്‍ ഫാന്‍സ എച്ച്.ആര്. സൊലൂഷന് എന്ന സ്ഥാപനം നടത്തിയ പ്രതികള്‍ വിസ ശരിയാക്കി തരാം എന്ന് പറഞ്ഞ് പണം വാങ്ങുകയായിരുന്നു. ആളുകള്‍ക്ക് നല്കിയ അവധി കഴിഞ്ഞിട്ടും വിസ കിട്ടാത്തതിനാല്‍ അവര്‍ നടക്കാവ്പോലീസില് പരാതി നല്‍കുകയായിരുന്നു. ഇവരുടെ പേരില്‍ നടക്കാവ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത നാല് കേസുകളില്‍ അന്വേഷണം നടത്തിയതില്‍ ഇവര്‍ ആളുകളോട് വിദേശത്ത് ഉയര്‍ന്ന ശമ്പളത്തോടുള്ള ജോലിക്കുള്ള വിസ ശരിയാക്കി തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ചതിക്കുകയാണെന്ന് വ്യക്തമായി. പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് അറിഞ്ഞ് പ്രതികള്‍ വീട്ടില്‍ നിന്നും മാറി എറണാകുളം പാലക്കാട് കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു .മലപ്പുറം,വയനാട് ജില്ലകളിലും ഇവര്‍ക്ക് സമാനമായ രീതിയില്‍ നിരവധി ആളുകളോട് വിസ വാഗ്ദാനം ചെയ്ത ലക്ഷങ്ങള്‍ തട്ടിയെടുത്തിടുന്നെന്ന് അന്വേഷണത്തില്‍ മനസ്സിലായിട്ടുണ്ട്. താജുദ്ദീനെ സ്വന്തം വീട്ടില്‍ നിന്നും മുഹമ്മദ് ഷഹീറിനെ പാണ്ടിക്കാടുള്ള വാടകവീട്ടില്‍ നിന്നുമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
നടക്കാവ് ഇന്‍സ്പെക്ടര്‍ പി.കെ. ജിജീഷിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ കൈലാസ് നാഥ്.എസ്.ബി., കിരണ്‍ ശശിധര്‍, ബാബു പുതുശ്ശേരി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. മറ്റു പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.