കൊല്ലം: കിരണിന്റെ ശിക്ഷാവിധി കേള്‍ക്കാന്‍ വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ കോടതിയിലേക്ക് പോയത് വിവാഹസമയത്ത് മകള്‍ക്ക് നല്‍കിയ കാറില്‍. തന്റെ മകളുടെ ആത്മാവ് കാറിലുണ്ടെന്നും അതുകൊണ്ടാണ് മുന്‍സീറ്റ് ഒഴിച്ചിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ കാര്‍ വാങ്ങാന്‍ വിസ്മയയ്ക്കൊപ്പമാണ് പോയത്. അവള്‍ ഇപ്പോഴും ഞങ്ങളോടൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ത്രിവിക്രമന്‍ നായരും ഒരു ബന്ധുവുമാണ് കോടതിയിലേക്ക് പോയത്. ഈ കാറിനെ ചൊല്ലിയാണ് കിരണ്‍ വിസ്മയയെ മര്‍ദിച്ചിരുന്നത്.
തനിക്ക് ഇഷ്ടമുള്ള കാറല്ല സ്ത്രീധനമായി ലഭിച്ചതെന്നും, വെന്റോ കാറാണ് താന്‍ ആവശ്യപ്പെട്ടിരുന്നതെന്നും പറഞ്ഞാണ് ഇയാള്‍ വിസ്മയയെ ശാരീരികവും മാനസികവുമായി ഉപദ്രവിച്ചിരുന്നത്. ഇഷ്ടപ്പെട്ട കാര്‍ കിട്ടില്ലെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ വിവാഹം വേണ്ടെന്നുവയ്ക്കുമായിരുന്നെന്ന് കിരണ്‍ പറയുന്നതിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.\