പി. പി. മൂസ
കേരളത്തിലെ മുസ്ലിംകളില് ഏറെ അയവും അലിവുമുളളവരാണ് സുന്നികള്‍. പക്ഷെ ഈ അയവും വിശാലതയും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണ്. ആര്‍ക്കും എന്തും ആ കുടക്കീഴിലിരുന്ന് വിപണനം ചെയ്യാം എന്നതാണ് അവസ്ഥ. വിശ്വാസത്തിന്റെ മറവില്‍ എന്തും വിറ്റഴിയും!
നാട്ടിലെ മുക്കിലും മൂലയിലും ഈ കച്ചവടക്കാരുണ്ട്. അവരുടെ ചെയ്തികള്‍ എന്തൊക്കെയെന്ന് എണ്ണിയെണ്ണി പറയേണ്ടതില്ല. നിരുപദ്രവമെന്ന് കരുതാവുന്ന കര്‍മങ്ങള്‍ കൊണ്ടാണ് തുടക്കം. പതിയെ പതിയെ അത്യാചാരങ്ങലേക്ക് അവ വഴിമാറുകയാണ്.
മഹല്ല് കമ്മിറ്റികളും അവയെ നിയന്ത്രിക്കുന്ന സുന്നീ സംഘടന നേതൃത്വവും മനസ്സുവെച്ചാല്‍ തുരത്താവുന്നതേയുള്ളൂ ഇത്തരക്കാരെ. അധര്‍മത്തെ കൈ കൊണ്ട്, കഴിഞ്ഞില്ലെങ്കില്‍ വാക്ക് കൊണ്ട്, അതിനും സാധിച്ചില്ലെങ്കില്‍ മനസ്സുകൊണ്ടെങ്കിലും ചെറുക്കണമെന്ന നബിവചനം സദാ ഉരുവിടുന്നവര്‍ പോലും മൂക്കിനു മുന്നിലെ അത്യാചാരങ്ങള്‍ക്കെതിരെ ചെറുവിരല്‍ അനക്കുന്നില്ല. സുന്നികളിലെ മഹാ ഭൂരിപക്ഷവും വിശ്വാസത്തിന്റെ മറവില്‍ നടക്കുന്ന ആത്മീയ വ്യാപാരത്തെ അംഗീകരിക്കുന്നവരല്ല. പക്ഷെ അവരുടെ മൗനം, നിസ്സംഗത , വെറുതെ പൊല്ലാപ്പുണ്ടാക്കേണ്ടെന്ന പാവത്താന്‍ മട്ട്. ഇതെല്ലാം വളരെ ചെറിയൊരു ന്യൂനപക്ഷം ചൂഷണം ചെയ്യുകയാണ്. തങ്ങളുടെ മേല്‍വിലാസത്തിലാണ് ഇതൊക്കെ വിറ്റഴിക്കുന്നതെന്ന ഗൗരവചിന്ത യുവാക്കള്‍ക്കിടയില്‍ പോലും വേണ്ട വിധം കടന്നുചെന്നിട്ടില്ല. കണ്ണൂരിലെ പതിനൊന്നുകാരി ചികിത്സ ലഭിക്കാതെ ഇഞ്ചിഞ്ചായി കൊല്ലപ്പെട്ട സംഭവം അത്ര വേഗം മറക്കാനാവില്ല. ആ ചോരക്കറ അത്രവേഗം കഴുകി കളയാനുമാവില്ല.
സുന്നികള്‍ക്കിടയിലെ നവീകരണം, ശുദ്ധികരണം – അത് ഇന്നിന്റെ ആവശ്യമാണ്. അത് സുന്നികള്‍ക്കിടയില്‍ നിന്ന് തന്നെ ഉയര്‍ന്നുവരണം. ആ തിരിച്ചറിവ് എത്രകണ്ട് വൈകുന്നുവോ, അത്രകണ്ട് ബലിയാടുകളുടെ എണ്ണം കൂടി കൊണ്ടേയിരിക്കും.
വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ നാട്ടില്‍ നടന്ന ഒരു സംഭവം പറയട്ടെ: കോഴിക്കോടിനടുത്ത് എലത്തുരില്‍ ഒരു സുപ്രഭാതത്തിലാണ് ദിവ്യന് പ്രത്യക്ഷപ്പെട്ടത്! കടല്‍ തീരത്തെ തെങ്ങിന് ചുവട്ടില്‍ ഇരിക്കുന്നതായാണ് നാട്ടുകാര്‍ കണ്ടത്. അതോടെ കഥകളായി. കടലിലൂടെ നടന്നുവന്നതാണ് എന്നു വരെ പ്രചാരണ മുണ്ടായി. പിന്നെ എല്ലാ അതിവേഗതയിലായിരുന്നു. രണ്ടു നില പന്തലായി : നൂലും ചരടും കന്നാസും വില്‍ക്കുന്ന പെട്ടിക്കടകളായി. ദൂരെദിക്കില്‍ നിന്ന് പോലും സന്ദര്‍ശകരെത്തി… മുജാഹിദ് -ജമാഅത്ത് വിഭാഗങ്ങള്‍ മരുന്നിന് പോലും ഇല്ലാത്ത നാടാണ്, പളളി ഇമാമാവട്ടെ അതിയാഥാസ്ഥികരായ സംസ്ഥാന, സുന്നി ജംഇയ്യത്തിലെ പ്രബലന്‍ സാക്ഷാല്‍ കെ. വി. അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍! എത് സിദ്ധനും ആകാശത്തോളം തഴച്ചു വളരാന്‍ പറ്റിയ അന്തരീക്ഷം. പക്ഷെ സിദ്ധനു ഒരു മാസം പോലും അവിടെ തുടരാന്‍ സാധിച്ചില്ല. പി. പി. അബ്ദുറഹിമാന്, കെ. കെ. അബ്ദുറഹിമാന്, കെ. പി. അസീസ്, നടുക്കണ്ടി മുഹമ്മദലി, ഞാന്‍ എന്നിവരടങ്ങിയ അഞ്ചംഗ സംഘം, കോളജില്‍ പഠിക്കുകയും ദറസില്‍ ഓതുകയും ചെയ്യുന്നവരെന്ന നിലയില്‍ ഇമാമിന്റെ അരുമകള്‍. എന്തും വിമര്‍ശനബുദ്ധിയോടെ കാണുന്ന ഞങ്ങളുടെ ചെറുപ്പം സിദ്ധനില്‍ കണ്ടതെല്ലാം തട്ടിപ്പ്. നിസ്ക്കാരമില്ല. ഖുര്‍ആന്‍ അറിയില്ല.
സംസാരിക്കുന്നത് തമിഴും ഹിന്ദിയും കലര്‍ന്ന സങ്കരഭാഷ : അയാള്‍ വലിച്ചു തള്ളുന്ന കഞ്ചാവ് ബീഡിക്കുറ്റികള്‍ ചില ചാരന്മാര് എത്തിച്ചു തന്നതോടെ പൊരുതാന്‍ തന്നെ ഞങ്ങള്‍ ഉറച്ചു. ഇമാമിനോട് വിശദീകരിച്ചപ്പോള്‍ അദ്ദേഹം ഉറച്ച പിന്തുണ നല്കി.
പോലിസിന്റെ സഹായവും തേടി. എസ് ഐ പറഞ്ഞു: വിശ്വാസത്തിന്റെ പ്രശ്നമാണ്. എങ്കിലും ക്രമസമാധാന ലംഘനമുണ്ടായാല്‍ ഇടപെടാം. പോരാട്ടം അത്ര എളുപ്പമായിരുന്നില്ല. പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് അനുഗ്രഹമായി ഇറങ്ങിയ ദിവ്യനെ പ്രമാണിമാര്‍ തുരത്താന്‍ ശ്രമിക്കുന്നു എന്നു വരെ പ്രചാരണം നടന്നു. പക്ഷെ അത് അത്രകണ്ട് ഏശിയില്ല, ഞങ്ങള്‍ക്ക് നേരെ കയ്യേറ്റശ്രമമുണ്ടായതോടെ പോലിസ് ഇടപെട്ടു. രാത്രിയുടെ മറവില്‍ സിദ്ധന് മുങ്ങി. ബേപ്പൂര്‍ – മാറാട് ഭാഗത്താണ് പിന്നെ പൊങ്ങിയത്.
പറഞ്ഞു വന്നത് ഇതാണ്: തീരുമാനം നമ്മുടേതാണ്. മനസ്സ് കൊണ്ട് നമ്മള് ,അത് ഉറപ്പിച്ചെങ്കില്‍ ഇത്തരക്കാര്‍ക്ക് ഒരിടത്തും ഇരിക്കപ്പൊറുതി കിട്ടില്ല.