കോഴിക്കോട്: സത്രം ബില്‍ഡിങ് പൊളിച്ചുമാറ്റുന്നതിന്റെ ഭാഗമായി വ്യാപാരികളെ പുനരധിവസിപ്പിക്കാന്‍ കോംട്രസ്റ്റ് റോഡില്‍ നിര്‍മിച്ച താല്‍ക്കാലിക കെട്ടിടങ്ങള്‍ പൊളിച്ചുനീക്കണമെന്ന് തീരുമാനമായതോടെ വെട്ടിലായത് വ്യാപാരികള്‍. 12 വ്യാപാരികള്‍ക്കാണ് താല്‍ക്കാലിക സംവിധാനം എന്ന നിലയില്‍ കടമുറികള്‍ നിര്‍മിക്കാന്‍ കോര്‍പറേഷന്‍ അനുവാദം നല്‍കിയത്. മേയര്‍ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കെട്ടിടം നിര്‍മിക്കാന്‍ ധാരണയായത്. വ്യാപാരികള്‍ പണം മുടക്കി കടമുറികള്‍ നിര്‍മിക്കുകയും ചെയ്തു. എന്നാല്‍ ഇത് സംബന്ധിച്ച് കൗണ്‍സില്‍ യോഗത്തിലോ സ്ഥിരംസമിതിയിലോ ചര്‍ച്ച ചെയ്തിരുന്നില്ല എന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
ഇവിടെ കടമുറി നിര്‍മിക്കുന്നത് ഗതാഗതകുരുക്കിന് കാരണമാവുമെന്ന് പൊലീസ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ കോര്‍പറേഷന്‍ ഇത് ഗൗനിച്ചില്ല. കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്താന്‍ കോര്‍പറേഷന്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഗതാഗതകുരുക്ക് ഉണ്ടാവുമെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. അത് അവഗണിച്ചാണ് ഒക്ടോബറില്‍ കടമുറി നിര്‍മിക്കാന്‍ മേയര്‍ അധ്യക്ഷയായ യോഗം അനുമതി നല്‍കിയത്.
കോര്‍പറേഷന്‍ എഞ്ചിനീയറിങ് വിഭാഗം വിഷയത്തില്‍ ഇടപെട്ട് പ്രവൃത്തി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ചുമര് കെട്ടി ഉയര്‍ത്തിയ നിലയിലാണ് കടമുറികള്‍. നിര്‍മാണം പൊളിച്ചുമാറ്റാന്‍ കോര്‍പറേഷന്‍ പൊലീസിന് നിര്‍ദേശം നല്‍കിയെങ്കിലും അവരുടെ ഭാഗത്ത് നിന്ന് അത്തരം നീക്കം ഉണ്ടായിട്ടില്ല. കോര്‍പറേഷന്‍ നേരിട്ട് പൊളിച്ചുമാറ്റട്ടെ എന്നാണ് പൊലീസിന്റെ നിലപാട്. ഏതായാലും ഇതിന്റെ പേരില്‍ ലക്ഷങ്ങളുടെ നഷ്ടമാണ് വ്യാപാരികള്‍ക്ക് നേരിടുന്നത്. പുനരധിവാസം ഇനി എവിടെ എങ്ങനെ എന്ന ചോദ്യവും അവശേഷിക്കുന്നു.