രണ്ടാംദിനത്തില്‍ പാഠപുസ്തക വിതരണം പൂര്‍ണതയിലേക്ക്
കോഴിക്കോട്/മുക്കം: സ്‌കൂളുകള്‍ വീണ്ടും പഴയ അന്തരീക്ഷത്തിലേക്ക് തിരിച്ചുവരുന്നതിന്റെ സന്തോഷങ്ങളും ആഹ്ലാദാരവങ്ങളുമാണ് പ്രവേശനോത്സവത്തിന്റെ രണ്ടാംദിനത്തിലും ജില്ലയിലെങ്ങും പ്രകടമായത്. വിദ്യാലയങ്ങള്‍ വീണ്ടുമൊരു പൂര്‍ണ അധ്യയന വര്‍ഷത്തിലേക്ക് ചുവട് വച്ചതോടെ നാടും നഗരവുമെല്ലാം കൂടുതല്‍ ഉണര്‍വിലാണ്.
കുട്ടികള്‍ക്കാവശ്യമായ പാഠപുസ്തകങ്ങളെല്ലാം ഇതിനകം വിദ്യാലയങ്ങളില്‍ എത്തിയിട്ടുണ്ട്. അവയുടെ വിതരണമാണ് ഇന്ന് മിക്ക സ്‌കൂളുകളിലും നടന്നത്. യൂനിഫോം വിതരണവും പൂര്‍ത്തീകരിച്ച് അടുത്ത ആഴ്ചയോടെ യൂണിഫോം ധരിക്കല്‍ നിര്‍ബന്ധമാക്കാനാണ് പല സ്‌കൂളുകളുടെയും ആലോചന.
കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ പ്രവേശനോത്സവം കക്കാട് ഗവ. എല്‍.പി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്രാമപഞ്ചായത്തിന്റെ കളിക്കുടകളും അവര്‍ വിതരണം ചെയ്തു.
വാര്‍ഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എടത്തില്‍ ആമിന അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സത്യന്‍ മുണ്ടയില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സൗദ ടീച്ചര്‍ ആശംസകള്‍ നേര്‍ന്നു. അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ സ്‌കൂള്‍ എച്ച്.എം ജാനിസ് ജോസഫ് അവതരിപ്പിച്ചു. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഗിഫ്റ്റ് വിതരണം എസ്.എം.സി ചെയര്‍മാന്‍ കെ.സി റിയാസ്, രക്ഷാധികാരി ടി.പി.സി മുഹമ്മദ് ഹാജി എന്നിവര്‍ വിതരണം ചെയ്തു.
പ്രവാസികള്‍ സ്വരൂപിച്ച ഫണ്ട് വിഹിതം ചടങ്ങില്‍ കക്കാട് പ്രവാസി കൂട്ടായ്മയുടെ കേന്ദ്ര കമ്മിറ്റി രക്ഷാധികാരി സി.കെ ഷരീഫ് സ്‌കൂള്‍ വികസന സമിതി കണ്‍വീനര്‍ ടി ഉമ്മറിനെ ഏല്‍പ്പിച്ചു. മാധ്യമം വെളിച്ചം പതിപ്പിന്റെ പ്രകാശനം ടി അഹമ്മദ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ബി.ആര്‍.സിയിലെ അഷ്‌റ ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് കെ.സി അഷ്‌റഫ് സ്വാഗതവും ഫിറോസ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ബി.ആര്‍.സി പ്രതിനിധികളായ അഷ്‌റ സി.കെ, പി ലിജു, പി.ടി.എ വൈസ് പ്രസിഡന്റുമാരായ ലുഖ്മാന്‍ കോടിച്ചലത്ത്, മുനീര്‍ പാറമ്മല്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ നൗഷാദ് എടത്തില്‍, സലാം കോടിച്ചലത്ത്, നിസാര്‍ മാളിയേക്കല്‍. ആഷിഖ് മണ്ണില്‍, പി.ടി.എ മുന്‍ പ്രസിഡന്റുമാരായ ശിഹാബ് പുന്നമണ്ണ്, അബ്ദുഷുക്കൂര്‍ മുട്ടാത്ത്, അബ്ദുറഷീദ് മഞ്ചറ, എം.പി.ടി.എ ചെയര്‍പേഴ്‌സണ്‍ കമറുന്നിസ എം, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ജി ഷംസു മാസ്റ്റര്‍, സീനിയര്‍ അസിസ്റ്റന്റ് ഷഹനാസ് ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.