കോഴിക്കോട്: സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന വില്‍പനസംഘം പിടിമുറുക്കുന്നതായി സൂചന. കഴിഞ്ഞ ദിവസം ഈസ്റ്റ്ഹില്ലില്‍ പിടിയിലായ കക്കോട് മുക്ക് സ്വദേശി ബിനേഷ്(37) ഇതിലെ പ്രധാന കണ്ണിയാണെന്ന് പൊലീസ് പറഞ്ഞു. മാരക മയക്കുമരുന്നായ എംഡിഎംഎ വില്‍പന നടത്തുന്നതനിടെയാണ് ബിനേഷിനെ നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.പ്രകാശന്റെ നേതൃത്വത്തിലുള്ള ഡന്‍സാഫും നടക്കാവ് പോലീസും ചേര്‍ന്ന് പിടികൂടിയത്.
പ്രതിയില്‍ നിന്നും മൂന്ന് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ കാരംസ് ക്ളബ്ബിന്റെ മറവിലായിരുന്നു എംഡിഎംഎ വില്‍പന നടത്തിയിരുന്നത്. പെണ്‍കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് എംഡിഎംഎ രഹസ്യമായി എത്തിച്ചു നല്‍കാറാണ് പതിവ്. സുഹൃത്തുക്കളുടെയും എംഡിഎംഎ യ്ക്ക് അടിമപ്പെട്ട കസ്റ്റമേഴ്സിന്റെയും വാഹനങ്ങളില്‍ കറങ്ങി നടന്നാണ് വില്‍പന നടത്താറുള്ളത്. വാഹനം ദൂരെ പാര്‍ക്ക് ചെയ്തശേഷം നടന്ന് വന്നാണ് എംഡിഎംഎ കൈമാറുക. വാഹനം ഏതെന്ന് മനസ്സിലാക്കാതിരിക്കാനാണ് ഇത്തരത്തില്‍ ചെയ്യുന്നത്. സിവില്‍ സ്റ്റേഷന് സമീപത്ത് വച്ച് പ്രതി മയക്കുമരുന്ന് വില്‍പ്പന നടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ എംഡിഎംഎ സഹിതം പിടികൂടിയത്. നടക്കാവ് സബ്ബ് ഇന്‍സ്പെക്ടര്‍ പ്രതിയെ അറസ്റ്റ് ചെയ്തു.
ഈസ്റ്റ് ഹില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് മാഫിയ സംഘം പ്രധാനമായും ലക്ഷ്യമിടുന്നത് യുവ തലമുറയെയാണെന്ന് പൊലീസ് പറഞ്ഞു. ആരാണ് മയക്കുമരുന്നെത്തിക്കുന്നതെന്ന് സംഘത്തലവന് മാത്രമേ അറിയൂ എന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് നടക്കാവ് ഇന്‍സ്പെക്ടര്‍ പി.കെ.ജിജീഷിന്റെ നേതൃത്വത്തില്‍ പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിന്നും മുപ്പത്തിഒന്നായിരം രൂപയും മയക്കുമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട രേഖകളും കണ്ടെടുത്തു.