കോഴിക്കോട്: വിദ്യാര്‍ത്ഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പും നിയമപാലകരും നിരീക്ഷണം ശക്തമാക്കി. പുതിയ അധ്യയനവര്‍ഷം ആരംഭിച്ചതോടെ ബസ്സുകളിലെല്ലാം രാവിലെയും വൈകീട്ടും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. ചില ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളോട് വളരെ പരുഷമായി ഇടപെടുന്നതിന്റെ പശ്ചാത്തലത്തിലാണ് മുഖംനോക്കാതെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുന്നത്.
വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാന്‍ മടിക്കുക, ദീര്‍ഘനേരം ക്യൂ നില്‍പ്പിച്ച് ബസ് പോകുന്ന സമയം നാമമാത്ര കുട്ടികളെ മാത്രം കയറ്റി പൊടുന്നനെ ഡോര്‍ അടയ്ക്കുക, വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ഇളവ് അനുവദിക്കാതിരിക്കുക, സീറ്റിലിരിക്കാന്‍ അനുവദിക്കാതിരിക്കുക, വിദ്യാര്‍ത്ഥികളുടെ ആത്മാഭിമാനം മുറിപ്പെടുത്തുന്ന രീതിയില്‍ മോശമായി പെരുമാറുക തുടങ്ങിയ വിവിധ പരാതികള്‍ ഇതിനകം ലഭിച്ചതിന് പിന്നാലെയാണ് നിരീക്ഷണം ശക്തമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.
വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പരാതികള്‍ മോട്ടോര്‍ വാഹന വകുപ്പിലോ പൊലീസിലോ പരാതി നല്‍കാവുന്നതാണ്. പരാതി ലഭിച്ചാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യാനാണ് അധികൃതരുടെ തീരുമാനം.
ഇതിനകം നടത്തിയ പരിശോധനയില്‍ ചില ബസുകള്‍ക്കെതിരെ കടുത്ത താക്കീതും പിഴ ചുമത്തുന്നതടക്കമുള്ള നടപടികളുമെടുത്തിട്ടുണ്ട്. ബസുടമകള്‍ക്ക് നേരെ പിഴ ചുമത്തല്‍, ്രൈഡവറുടെ ലൈസന്‍സ് റദ്ദു ചെയ്യുന്ന നടപടി വരെയുള്ള നടപടി പരാതിയുടെ തീവ്രതക്കനുസരിച്ച് പൊലീസ് സ്വീകരിക്കും.