കൊച്ചി: തൃക്കാക്കരയിലെ വിജയം പി.ടി.തോമസിനു സമര്‍പ്പിക്കുന്നുവെന്ന് ഉമ തോമസ്. ജോ ജോസഫിന് എതിരെയല്ല പിണറായി വിജയനും കൂട്ടര്‍ക്കുമെതിരെയായിരുന്നു മത്സരം. യുഡിഎഫിന്റെയു കൂട്ടരുടെയും ചരിത്ര വിജയമാണ് ഇതെന്നും ഉമ പറഞ്ഞു.
‘ഇത് ശരിക്കും യുഡിഎഫിന്റെ വിജയമാണ്, ചരിത്രവിജയമാണ്. ജനപക്ഷപരമായ വികസനമാണ് വേണ്ടതെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു. പി.ടിയെ നെഞ്ചിലേറ്റിയ തൃക്കാക്കരക്കാരാണ് എന്നെ കാത്തു രക്ഷിച്ചത്. പി.ടി എത്രത്തോളമായിരുന്നു അവരുടെ നെഞ്ചിലെന്ന് എനിക്ക് അറിയാമായിരുന്നു. എന്നെയും അവര്‍ നെഞ്ചിലേറ്റി എന്നതില്‍ വലിയ സന്തോഷമുണ്ട്. നൂറു ശതമാനം ആത്മാര്‍ഥയോടെ എന്നും ഞാന്‍ ആവര്‍ക്കൊപ്പം ഉണ്ടാകും. അവരെന്നെ നയിക്കും.
ഉജ്വല വിജയം തന്നെ ഉണ്ടാകുമെന്ന് നേരത്തെ കരുതിയിരുന്നു.എല്‍ഡിഎഫിനെ 99ല്‍ നിര്‍ത്താന്‍ എനിക്ക് കഴിയുന്നതൊക്കെ ചെയ്യുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. ഈ ഭരണകൂടത്തിന് എതിരെയുള്ള മറുപടിയാണ് ഈ വിജയം.’ ഉമ തോമസ് പറഞ്ഞു.