കൊച്ചി: ഇ.ഡി നിയമവിരുദ്ധമായി ഇടപെടുന്നതായും അത്് സംസ്ഥാനത്തിന്റെ വികസനം മുടക്കുന്നതായും കിഫ്ബി ഹൈക്കോടതിയില്‍. മസാലബോണ്ടില്‍ ഇ.ഡിയുടെ അന്വേഷണം നിയമവിരുദ്ധ നീക്കമാണെന്ന് ചൂണ്ടിക്കാട്ടി കിഫ്ബി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
രാഷ്ട്രീയ താല്‍പ്പര്യത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിനെ താറടിക്കാനുള്ള നീക്കമാണ് ഇ.ഡി നടത്തുന്നത്. ഒന്നരവര്‍ഷമായി അന്വേഷണം നടത്തിയിട്ടും കിഫ്ബിക്കെതിരെ ഒരു കേസുപോലും എടുക്കാനായിട്ടില്ല. ഈ സാഹചര്യത്തില്‍ ഇഡിയുടെ അന്വേഷണം തടയണമെന്നും കിഫ്ബി സിഇഒ കെ എം എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജര്‍ ആനി ജൂള തോമസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
കിഫ്ബി മസാലബോണ്ട് പുറപ്പെടുവിച്ചത് വിദേശനാണ്യ വിനിമയനിയമത്തിന്റെ (ഫെമ) ലംഘനമാണെന്നാണ് ഇ.ഡി അവകാശപ്പെടുന്നത്. 2021 ഫെബ്രുവരിയിലാണ് കിഫ്ബിക്ക് ആദ്യ സമന്‍സ് അയച്ചത്. മൊഴിയെടുക്കലിന് ഹാജരാകണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് 2022 ആഗസ്തുവരെ അഞ്ച് സമന്‍സ് കൂടി അയച്ചു. ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ പലതവണ ചോദ്യംചെയ്യലിന് ഹാജരായി. ഇഡി ആവശ്യപ്പെട്ട അക്കൗണ്ട് രജിസ്റ്റര്‍ ഉള്‍പ്പെടെ മസാലബോണ്ടുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഹാജരാക്കി. ഒരേ രേഖകള്‍തന്നെ പലതവണ ആവശ്യപ്പെട്ടു. കിഫ്ബി ഉദ്യോഗസ്ഥന്‍ ഹാജരായപ്പോള്‍ താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് മൊഴിയെടുത്തത്. ഇഡിക്ക് ആവശ്യമുള്ള ഉത്തരങ്ങള്‍ നല്‍കാന്‍ ഉദ്യോഗസ്ഥനെ നിര്‍ബന്ധിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നസമയത്തും നടപടികള്‍ തുടര്‍ന്നു. ഇത്രയേറെ ചോദ്യംചെയ്യലും രേഖകളുടെ പരിശോധനയും കഴിഞ്ഞിട്ടും കേസെടുക്കാനോ പരാതി രജിസ്റ്റര്‍ ചെയ്യാനോ കഴിഞ്ഞിട്ടില്ല. എന്നാല്‍, തുടര്‍ച്ചയായി സമന്‍സുകള്‍ അയക്കുകയും അവ അപ്പോള്‍തന്നെ മാധ്യമങ്ങള്‍ക്ക് നല്‍കുകയുമാണ്.
സംസ്ഥാന സര്‍ക്കാരിനുള്ള അധികാരമുപയോഗിച്ച് നിയമം അനുശാസിക്കുന്ന മാര്‍ഗത്തിലാണ് കിഫ്ബി രൂപീകരിച്ചത്. റിസര്‍വ് ബാങ്കിന്റെ എല്ലാ അനുമതികളുമുണ്ട്. മസാലബോണ്ടിലോ കിഫ്ബി പ്രവര്‍ത്തനത്തിലോ പരാതികളുണ്ടായാല്‍ നടപടിയെടുക്കേണ്ടത് റിസര്‍വ് ബാങ്കാണ്. കിഫ്ബി ഇടപാടുകള്‍ ഫെമ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. മസാലബോണ്ടില്‍ കിഫ്ബി ഫെമ നിയമം ലംഘിച്ചുവെന്ന ഇഡിയുടെ ആരോപണം പ്രഥമദൃഷ്ട്യാതന്നെ അടിസ്ഥാനമില്ലാത്തതാണെന്നും ഹര്‍ജിയില്‍ പറയുന്നു.