കോഴിക്കോട്: ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ രണ്ടാം ദിനം വിധു പ്രതാപും സംഘവും അവതരിപ്പിച്ച സംഗീത നിശ ആസ്വദിക്കാനെത്തിയത് ആയിരങ്ങള്‍. ഓരോ പാട്ടിനൊപ്പവും താളത്തില്‍ കയ്യടിച്ചും മതിമറന്നു ആടിയും ക്രിസ്മസ് ദിനം അവര്‍ ആഘോഷിച്ചു. സുഖമാണീ നിലാവ് എന്ന മെലഡി ഗാനവുമായാണ് വിധു പ്രതാപ് വേദിയിലെത്തിയത്.
ഇളയ നിലാ, ദര്‍ശനാ, മേരെ ഡോല്‍നാ തുടങ്ങി മനോഹര ഗാനങ്ങളും സംഘം ആലപിച്ചു. പതിയെ ഫാസ്റ്റ് നമ്പറിലേക്ക് തിരിഞ്ഞപ്പോള്‍ ജനം ആവേശത്തോടെ ആര്‍ത്തു വിളിച്ചു. മുക്കാല മുക്കാബ് ലാ ഗാനത്തില്‍ ജനകൂട്ടം മുഴുവന്‍ നൃത്തം ചെയ്തു. ചെയ്യുചെട്ടികുളങ്ങര, ഒരു മധുരക്കിനാവിന്‍, ഗോവിന്ദ, വേല്‍മുരുകാ തുടങ്ങിയ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ഗാനങ്ങളും കൂടിയായപ്പോള്‍ വാട്ടര്‍ ഫെസ്റ്റ് വേദിയായ മറീന ബീച്ച് ഉത്സവത്തിമിര്‍പ്പിലായി.