കൊച്ചി: വര്‍ഗീയ ശക്തികളുമായി കോണ്‍ഗ്രസിന് ഒരു സന്ധിയും ഇല്ലെന്നും അവരുടെ വോട്ടു വേണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കേരള സമൂഹത്തിന്റെ മതേതര മനസ്സിലേക്കാണ് കുന്തമുന പോലെ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ പങ്കെടുത്ത കുട്ടിയുടെ മുദ്രാവാക്യം തറച്ചു കയറിയത്. ആ റാലിയില്‍ കുട്ടിയെക്കൊണ്ടു മുദ്രാവാക്യം വിളിപ്പിച്ചത് ആരാണ്? ആരാണ് എഴുതി നല്‍കയത്, പഠിപ്പിച്ചത് എന്നു കണ്ടെത്തണം. ഇത് എത്രത്തോളം കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ വിഷലിപ്തമാക്കുന്നു എന്നു തിരിച്ചറിയണമെന്നും സതീശന്‍ പറഞ്ഞു.
ഈ വര്‍ഗീയവാദികളുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ കൂട്ടുകെട്ടാണ് ഒരു നടപടിയും എടുക്കാന്‍ സാധിക്കാത്തതിന്റെ കാരണം. വര്‍ഗീയ ശക്തികള്‍ക്കു മുന്നില്‍ മുട്ടുവിറയ്ക്കുന്ന ഈ മുഖ്യമന്ത്രിയെയാണോ ക്യാപ്റ്റന്‍ എന്നു വിളിക്കുന്നത്? ഈ ക്യാപ്റ്റന്റെ നേതൃത്വത്തിലാണ് യുദ്ധം ചെയ്യുന്നതെങ്കില്‍ തിരിഞ്ഞോടുന്നതിനുള്ള വഴികള്‍ കൂടി മുന്‍കൂട്ടി പഠിച്ചു വയ്ക്കണം.
വര്‍ഗീയ ശക്തികള്‍ക്കു മുന്നിലെത്തുമ്പോള്‍ മുഖ്യമന്ത്രിയുടെ മുട്ടു വിറയ്ക്കുകയാണ്. പി.സി.ജോര്‍ജിനെതിരായ ആരോപണം വന്നപ്പോഴും ഇതു തന്നെയാണ് കണ്ടത്. കേരളത്തിന്റെ മതേതരത്വം തകര്‍ക്കുന്ന ഇത്തരം ഒരു ശക്തികളുമായി ഒരു സന്ധിയും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.