ഏബിള്‍. സി. അലക്സ്
കൊച്ചി : വരയിലൂടെ അപൂര്‍വ ഭാഗ്യം ലഭിച്ച നിര്‍വൃതിയിലാണ് കോട്ടയം സ്വദേശിയായ നവീന്‍ ചെറിയാന്‍ അബ്രഹാം . കോണ്‍ഗ്രസിന്റെ ദേശീയ നേതാവ് രാഹുല്‍ ഗാന്ധിയെ വരച്ച് അദ്ദേഹത്തെ നേരിട്ട് കണ്ട് കയ്യൊപ്പ് ചാര്‍ത്താനുള്ള അവസരം ലഭിച്ച സന്തോഷത്തിലാണ് നവീന്‍ എന്ന ചിത്രകാരന്‍. കഴിഞ്ഞ ദിവസം ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ആലപ്പുഴ ഹരിപ്പാട് വച്ചാണ് വരയില്‍ ഇന്ദ്രജാലം തീര്‍ക്കുന്ന നവീന്‍ എന്ന 24കാരന് രാഹുല്‍ ഗാന്ധിയെ നേരിട്ട് കണ്ട് താന്‍ വരച്ച രാഹുലിന്റെ മുഖചിത്രം കാണിക്കാനുള്ള അവസരം ലഭിച്ചത്. തന്റെ ബന്ധുവായ ഫില്‍സണ്‍ മാത്യു വഴി ആന്റോ ആന്റണി എം. പി, ഷാഫി പറമ്പില്‍ എം എല്‍ എ എന്നിവര്‍ മുഖാന്തിരമാണ് നവീന് താന്‍ വരച്ച രാഹുല്‍ ചിത്രം അദ്ദേഹത്തെ കാണിക്കാനുള്ള അവസരം ഒരുങ്ങിയത്.
ഒക്യൂപ്പേഷണല്‍ തെറാപ്പിസ്റ്റായ നവീന്‍ വരയെ കൂടെ കൂട്ടിയിട്ട് 5 വര്‍ഷമേ ആയിട്ടുള്ളു. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തൊന്നും ഈ രംഗത്ത് എത്തിപ്പെടാതിരുന്ന ഈ ചെറുപ്പക്കാരന്‍ ഇപ്പോള്‍ വരയുടെയും, നിറങ്ങളുടെയും ലോകത്താണ്. കോട്ടയം പാമ്പാടി ക്രോസ്സ് റോഡ്സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും, മണര്‍കാട് സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് പ്ലസ് ടു പഠനവും പൂര്‍ത്തിയാക്കി മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷനില്‍ തെറാപ്പി കോഴ്സ് പഠിക്കുന്നതിനിടത്തിലാണ് യാദൃശ്ചികമായി വരയിലേക്ക് വഴുതി വീണത്. പഠനാവശ്യത്തിനായി റെക്കോര്‍ഡ് ബുക്കില്‍ ചിത്രം വരച്ചപ്പോള്‍ അത് കണ്ട് അധ്യാപകരും, സഹപാഠികളും അഭിനന്ദിച്ചു. അങ്ങനെയാണ് ചിത്രങ്ങളെയും, നിറങ്ങളെയും കൂട്ട് പിടിക്കാന്‍ തീരുമാനിച്ചത്. സ്വന്തം ചിത്രവും മെക്കാനിക്കല്‍ എന്‍ജിനിയര്‍ ആയ ജേഷ്ഠന്‍ നിധിന്‍ന്റെ ചിത്രവും വരച്ചു വിജയിച്ചതോടെ ആത്മവിശ്വാസം ഇരട്ടിച്ചു.
നിരവധി പ്രമുഖ വ്യക്തിത്വങ്ങളെയാണ് ഈ അഞ്ച് വര്‍ഷത്തിനിടയില്‍ നവീന്‍ തന്റെ ക്യാന്‍വാസില്‍ പകര്‍ത്തിയത്. അതില്‍ മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാല്‍ മുതല്‍ യുവ താരങ്ങളായ നിവിന്‍ പോളിയും ടോവിനോ തോമസും ആസിഫ് അലിയും വരെ ഉള്‍പെടും. വിശ്വ പുരുഷന്‍ ഡോ ശശി തരൂര്‍, മുന്‍ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, യാക്കോബായ സഭയുടെ ശ്രേഷ്ഠ കത്തോലിക്കാ ബസേലിയസ് തോമസ് പ്രഥമന്‍ ബാവ ഇതിനു പുറമെ ഏറ്റവും അവസാനമായി ദേശീയ നേതാവ് രാഹുല്‍ ഗാന്ധിയെ വരെ വരച്ചു അദ്ദേഹത്തെയും ജന മനസുകളെയും അതിശയിപ്പിച്ചിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍ .താന്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ അവര്‍ക്ക് നേരിട്ട് സമ്മാനിക്കുന്നതോടൊപ്പം ആ പ്രമുഖ വ്യക്തികളുടെ കയ്യൊപ്പും വാങ്ങിയാണ് നവീന്‍ മടങ്ങുന്നത്. ഇത്തരത്തില്‍ കയ്യൊപ്പ് ചാര്‍ത്തിയ 17 ല്‍ പരം ചിത്രങ്ങള്‍ തന്റെ കോട്ടയം പാമ്പാടിയിലെ നെല്‍മല വീട്ടില്‍ നിധിപോലെ സൂക്ഷിച്ചിരിക്കുകയാണ് നവീന്‍ . ഗ്രാഫൈറ്റ് പെന്‍സിലും, ചാര്‍കോള്‍ പെന്‍സിലും ഉപയോഗിച്ചാണ് ജീവന്‍ തുടിക്കുന്ന ഈ മിഴിവാര്‍ന്ന ചിത്രങ്ങള്‍ നവീന്‍ ഒരുക്കുന്നത്. കോട്ടയം, പാമ്പാടി നാലുവയലില്‍ നെല്‍മല എബ്രഹാം ഈപ്പന്റെയും, റിനി അബ്രഹാമിന്റെയും രണ്ട് ആണ്മക്കളില്‍ ഇളയയാളാണ് വര്‍ണ്ണലോകത്തെ ഈ പുത്തന്‍ താരോദയം.കൊച്ചി ആസ്റ്റര്‍ മെഡി സിറ്റിയില്‍ ഒക്യൂപ്പേഷണല്‍ തെറാപ്പിസ്റ്റായി ജോലിനോക്കിയിരുന്ന നവീന്‍ ഇംഗ്ലണ്ടിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പിലാണ്.