ഡോ.ടി.എം തോമസ് ഐസക്
തദ്ദേശഭരണ സ്ഥാപനങ്ങളിലെ വനിതാ ഘടക പദ്ധതി ഒരു തിരിച്ചുപോക്കിലാണ്. ചില വസ്തുതകള്‍ ഇതാ: 2017-18 മുതല്‍ 2020-21 വരെയുള്ള നാല് വര്‍ഷക്കാലത്തെ വനിതാ ഘടക പദ്ധതിയുടെ ചെലവ് മൊത്തം ചെലവിന്റെ 4.06 ശതമാനമേ വരൂ. വനിതാ ഘടക പദ്ധതി മൊത്തം അടങ്കലിന്റെ 10 ശതമാനം വരണമെന്നാണ് നിബന്ധന. 2014-15-നും 2020-21-നും ഇടയില്‍ വനിതാ ഘടക പദ്ധതി അടങ്കലിന്റെ 44.2 ശതമാനം വീതമേ ചെലവായുള്ളൂ.
പ്രൊജക്ടുകളുടെ ഉള്ളടക്കത്തിലേക്കു കടന്നാല്‍ പല പൊതു പ്രൊജക്ടുകളും വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതായി കാണാം. ഏറ്റവും പ്രധാനം ലൈഫ് വീടുകളാണ്. മഹാഭൂരിപക്ഷവും പ്രായോഗിക ജന്‍ഡര്‍ ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള പ്രൊജക്ടുകളാണ്. തന്ത്രപരമായ ജന്‍ഡര്‍ ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള പ്രൊജക്ടുകള്‍ വളരെക്കുറവാണ്. പൊതു പ്രൊജക്ടുകളിലെ സ്ത്രീ പരിഗണന ഇന്ന് പരിശോധിക്കപ്പെടുന്നില്ല. ഏക വ്യത്യസ്തത കുടുംബശ്രീയുടെ വളര്‍ച്ചയാണ്.
ജനകീയാസൂത്രണത്തിലെ ഒന്നാംവര്‍ഷത്തിലെ സ്ഥിതിവിശേഷം ഇതുപോലെയായിരുന്നു. ഇതിനു ഫലപ്രദമായ പരിഹാര നടപടികള്‍ അക്കാലത്ത് കൈക്കൊണ്ടു. മാര്‍ഗ്ഗനിര്‍ദ്ദേശക നിബന്ധനകള്‍ കര്‍ശനമാക്കി. വനിതാ ജനപ്രതിനിധികള്‍ക്ക് മൂന്ന് റൗണ്ട് പരിശീലനത്തിനു പുറമേ കര്‍മ്മസമിതി അംഗങ്ങള്‍ക്കും അയല്‍ക്കൂട്ടങ്ങള്‍ക്കും സ്ത്രീപദവി പഠനത്തിനും പരിശീലനങ്ങള്‍ സംഘടിപ്പിച്ചു. ഇതിന്റെയൊക്കെ ഫലമായി മൂന്നും നാലും വര്‍ഷങ്ങളില്‍ നാടകീയ മാറ്റമുണ്ടായി. വനിതാ ഘടക പദ്ധതി വിഹിതം 4.9 ശതമാനത്തില്‍ നിന്ന് 11.5 ശതമാനമായി ഉയര്‍ന്നു. പ്രൊജക്ടുകളുടെ ഗുണനിലവാരം മെച്ചപ്പെട്ടു. ഒട്ടേറെ മാതൃകാ പഞ്ചായത്തുകളും ഉയര്‍ന്നുവന്നു.
വനിതാ ജനപ്രതിനിധികളെ ഇന്നും ഇടപെടലിന്റെ മുഖ്യ ഏജന്‍സിയായി ഉപയോഗപ്പെടുത്താനാകും. ഇതിനു പുറമേ കുടുംബശ്രീയുടെ പിന്തുണാ സംവിധാനത്തെയും ഉപയോഗപ്പെടുത്താം. പ്രധാനപ്പെട്ട ഒന്ന് കേരളത്തിലെ വനിതാ സംഘടനകളെ ഇത്തരമൊരു കാമ്പയിനില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുക എന്നുള്ളതാണ്.
അധികാരവികേന്ദ്രീകരണം എല്ലാം നന്നാകുമെന്നതിനു ഗ്യാരണ്ടി അല്ല. എന്നാല്‍ ഇടപെടാനുള്ള ജനാധിപത്യയിടം സൃഷ്ടിക്കുന്നു. എവിടെയെല്ലാം പൗരബോധമുള്ള ജനങ്ങള്‍ ഇടപെടുന്നുവോ അവിടങ്ങളില്‍ കാര്യങ്ങള്‍ മെച്ചപ്പെടും.
ഇതായിരുന്നു കില ജനകീയാസൂത്രണത്തിന്റെ 25-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ”നവകേരളത്തിനായി ജന്‍ഡര്‍ സൗഹൃദ തദ്ദേശ ഭരണം” എന്ന ശില്‍പ്പശാലയില്‍ ഞാന്‍ സംസാരിച്ചത്. രണ്ട് ദിവസത്തെ ശില്‍പ്പശാലയില്‍ സമാന്തര സമ്മേളനങ്ങളായി ആരോഗ്യം, തൊഴില്‍, പൊതുയിടം എന്നിവ ജന്‍ഡര്‍ പദവിയുമായി ബന്ധപ്പെടുത്തിയുള്ള ചര്‍ച്ചകള്‍ നടന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജന്റര്‍ ഉള്‍ച്ചേര്‍ക്കല്‍ സംബന്ധിച്ച് പ്രത്യേക സമ്മേളനം ഉണ്ടായിരുന്നുു. അവിടെ കില നടത്തിയ വനിതാ ഘടക പദ്ധതിയെക്കുറിച്ചുള്ള പഠനവും അവതരിപ്പിക്കപ്പെട്ടു.