കൊച്ചി:നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധഗൂഢാലോചനക്കേസില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ ഒരുങ്ങി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. കേസില്‍ നെയ്യാറ്റിന്‍കര ബിഷപ്പ് ഡോക്ടര്‍ വിന്‍സന്റ് സാമുവലിന്റെ മൊഴി രേഖപ്പെടുത്തിയതിനു പിന്നാലെയാണ് തെളിവുതേടി അന്വേഷണ സംഘത്തിന്റെ നീക്കം.
കേസില്‍ ശക്തമായ തെളിവിന്റെ അഭാവം കഴിഞ്ഞ ദിവസം കോടതി ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് അന്വേഷണങ്ങള്‍ കടുപ്പിച്ചിരിക്കുന്നത്. നടന്‍ ദിലീപിനു വേണ്ടി വഴിവിട്ട് പലരെയും സ്വാധീനിച്ചെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴികളുടെ സാഹചര്യത്തിലാണ് നെയ്യാറ്റിന്‍കര ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തിയത്.
കോടതിയിലും അന്വേഷണ സംഘത്തിനു മുന്‍പാകെയും ബിഷപ്പിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ബാലചന്ദ്രകുമാര്‍ ഉയര്‍ത്തിയത്. എന്നാല്‍ ബാലചന്ദ്രകുമാറിനെ പരിചയമുണ്ടെന്നും ദിലീപിനു ജാമ്യം ലഭിക്കാന്‍ ഇടപെട്ടിട്ടില്ലെന്നും ആരെയും സ്വാധീനിച്ചിട്ടില്ലെന്നും ബിഷപ് അന്വേഷണ സംഘത്തോടു വ്യക്തമാക്കി. കോട്ടയത്തെത്തിയാണ് ഉദ്യോഗസ്ഥര്‍ ബിഷപ്പിന്റെ മൊഴിയെടുത്തത്.