ആബിദ് അടിവാരം
വടക്കാഞ്ചേരിയിലെ ബസ്സപകടത്തിന് ശേഷം സര്‍ക്കാര്‍ നടത്തുന്ന ഇടപെടല്‍ എത്ര അപഹാസ്യമാണെന്ന് നോക്കൂ…
ബസ്സിന്റെ കളര്‍ മാറ്റണം,
ബസ്സിനത്തെ സംഗീതം ഒഴിവാക്കണം,
ബസ്സിനകത്തെ വെളിച്ചം ഒഴിവാക്കണം,
രാത്രി യാത്ര ഒഴിവാക്കണം…
നാടു നീളെ ഉദ്യോഗസ്ഥരുടെ പരിശോധനയാണ്, ടൂറിസ്റ്റ് ബസ്സുടമകളെല്ലാം കോടീശ്വരന്‍മാരല്ല, ബാങ്ക് ലോണെടുത്ത് ഒരു ഏര്‍പ്പാട് നടത്തുന്നവരാണ് പലരും. വിനോദയാത്രയുടെ സീസണാണിത്. അവരുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടുകയാണ് ഭരണ കൂടം.
കളറും പാട്ടും ബസിനകത്തെ വെളിച്ചവുമല്ല അപകടമുണ്ടാക്കുന്നത്, റോഡിന്റെ പ്രശ്നങ്ങളും അമിത വേഗതയും ഡ്രൈവര്‍മാരുടെ മദ്യപാനവും മറ്റുമാണ്. ആ പ്രശ്നത്തിലേക്ക് കടക്കാതെ ഇരുമ്പുലക്ക വിഴുങ്ങിയതിന് ചുക്കുവെള്ളം കുടിക്കുകയാണ് സര്‍ക്കാര്‍.
ടൂറ് പോകുന്നത് ആഘോഷിക്കാനാണ്, പാട്ടും വെളിച്ചവുമൊക്കെ അതിന്റെ ഭാഗമാണ്, കേരളത്തില്‍ മാത്രമല്ല ലോകം മുഴുവനും ആടിയും പാടിയുമൊക്കെയാണ് മനുഷ്യര്‍ ടൂറു പോകുന്നത്. കേരളത്തില്‍ യാത്ര ചെയ്യാന്‍ രാത്രിയുടെ ഇരട്ടി സമയം വേണം പകലില്‍, ആമാതിരി ട്രാഫിക്കാണ്. രാത്രി നിരോധനം ടൂറിസ്റ്റ് ബസ്സകള്‍ക്ക് മാത്രം മതിയോ..?
രാത്രി വണ്ടിയോടിക്കുന്നകെ.എസ്.ആര്‍.ടി.സി/പ്രൈവറ്റ് ബസുകളിലും ലോറിയിലും കാറിലുമുള്ള ഡ്രൈവര്‍മാര്‍ക്ക് വരാത്ത ഉറക്കം ടൂറിസ്റ്റ് ബസ്ഡ്രൈവര്‍മാര്‍ക്ക് മാത്രം വരുമോ…? ആ വാഹനങ്ങളിലുള്ളവരുടെ ജീവന് സര്‍ക്കാര്‍ വില കല്‍പിക്കുന്നില്ലേ…?
1812 കിലോമീറ്ററാണ് കേരളത്തിലെ നാഷണല്‍ ഹൈവേ, 50 പോലിസ് വണ്ടികള്‍ 36 കിലോമീറ്റര്‍ ഡിസ്റ്റന്‍സില്‍ പരിശോധിച്ചാല്‍ കേരളത്തിലെ നാഷണല്‍ ഹൈവേ മുഴുവനും നിയന്ത്രണത്തില്‍ നിര്‍ത്താനാകും. കേരളത്തില്‍ 471 പോലീസ് സ്റ്റേഷനുകളുണ്ട്. ഇവിടെയെല്ലാം നൈറ്റ് പട്രോളിംഗുമുണ്ട്. പരിശോധനയില്ലാത്തതല്ല പ്രശ്നം. എന്ത് പരിശോധിക്കണം എന്നറിയാത്തതാണ്, അത് പറഞ്ഞു കൊടുക്കാന്‍ അറിയുന്ന തലയില്‍ ആള്‍പ്പാര്‍പ്പമുള്ളവര്‍ ഇല്ലാത്തതാണ് പ്രശനം.
സീറ്റ് ബെല്‍റ്റും ബുക്കും പേപ്പറും നോക്കുന്ന പരിപാടിയാണ് പോലിസ് ചെയ്തു കൊണ്ടിരിക്കുന്നത്. നമ്പരടിച്ചാല്‍ ഒരു വാഹനത്തിന്റെ എല്ലാ വിവരവും സാധാരണക്കാരന് പോലും കിട്ടുന്ന കാലത്ത് എന്തിനാണ് ബുക്കും പേപ്പറും അന്വേഷിക്കുന്നത്…? കൈക്കൂലിയല്ലാതെ മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടോ…?
വാഹനത്തിന് പുറത്ത് അമിതമായി ലൈറ്റ് ഉപയോഗിക്കുന്ന എത്ര വാഹനങ്ങളാണ് നമ്മുടെ മുന്നിലൂടെ കടന്ന് പോകുന്നത്, അത്യാവശ്യം വേണ്ട ലൈറ്റുകള്‍ ഇല്ലാത്ത, ബ്രൈക്ക് ലൈറ്റ് പോലും ഇല്ലാത്ത എത്ര വാഹനങ്ങളാണ് കടന്നു പോകുന്നത്. പോലിസ് പരിശോധിച്ച് കനത്ത ഫെനടിച്ചാല്‍ ഒരാഴ്ച കൊണ്ട് ഈ പ്രശ്നം പരിഹരിക്കില്ലേ…?
ഹൈവേകളില്‍ പാര്‍ക്കിംഗ് ലൈറ്റിടാതെ നിര്‍ത്തിയിടുന്ന എത്ര വാഹനങ്ങളെ നാം കാണുന്നുണ്ട്, ഭാഗ്യം കൊണ്ടല്ലേ ഓരോ ദിവസവും നിരവധി പേര്‍ രക്ഷപ്പെടുന്നത്. പോലീസ് ഫൈനടിച്ചാല്‍ തീരുന്ന പ്രശ്നമല്ലേയിത്…?
ഓരോ പോലീസ് ചെക്കിംഗിലും ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധന നടത്തിയാല്‍, മദ്യപാനികള്‍ക്ക് കടുത്ത ശിക്ഷ നല്‍കിയാല്‍ ആരാണ് മദ്യപിച്ച് വണ്ടിയോടിക്കാന്‍ ധൈര്യപ്പെടുക…? ‘
ടൂറിസ്റ്റ് ബസുകളും ലോറികളും ഉള്‍പ്പടെ ഹെവി ഡ്രൈവര്‍മാരെയും അവരുടെ ഡ്യൂട്ടി സമയവും ഉടമകള്‍ അപ് ലോഡ് ചെയ്യേണ്ട വിധം ഒരാപ്പുണ്ടാക്കിയാല്‍ തുടര്‍ച്ചയായ ഡ്യൂട്ടിയുടെ പ്രശ്നം പരിഹരിച്ചു കൂടെ..? ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകുന്നതു കാരണം ഏറ്റവും കൂടുതല്‍ അപകടമുണ്ടാക്കുന്നത് ട്രക്കുകളല്ലേ..?
നിലവിലുള്ള സാഹചര്യങ്ങളും സംവിധാനങ്ങളും വെച്ച് പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നങ്ങളേ നമുക്കുള്ളൂ, നമുക്കില്ലാത്തത് വകതിരിവുള്ള രാഷ്ട്രീയ നേതൃത്വമാണ്. ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ പ്രൊഡക്റ്റീവായി ചെയ്തു പരിചയമുള്ളവരാണ് ഭരിക്കേണ്ടത്, അവര്‍ക്ക് ആശയങ്ങളും അത് നടപ്പിലാക്കാനുള്ള വില്‍പവറുമുണ്ടാകും. തല്ലിപ്പൊളിച്ചും കാലുവാരിയും പെട്ടി പിടിച്ചും മൂട് താങ്ങിയും അധികാരത്തില്‍ കയറിപ്പറ്റിയവര്‍ക്ക് അതില്‍ കടിച്ചു തൂങ്ങുന്നതിനപ്പുറം, കയ്യിട്ടു വാരുന്നതിനപ്പുറം ഒരു ലക്ഷ്യവുമുണ്ടാകില്ല. അതിന്റെ ദുരിതമാണ് ഏത് മുന്നണി ഭരിച്ചാലും നമ്മള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.